പൊലീസ് വേട്ട ക്ലൈമാക്‍സിലേക്ക്; ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ ഉത്തരവ്
പൊലീസ് വേട്ട ക്ലൈമാക്‍സിലേക്ക്; ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ ഉത്തരവ്
രക്ഷപ്പെട്ട ചെന്നൈയിലെ മലയാളി ഗുണ്ടാ നേതാവ് ബിനുവിനെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ തമിഴ്‌നാട് പൊലീസ് ഉത്തരവിട്ടു. രക്ഷപ്പെട്ട ബിനു അടക്കമുള്ള ഗുണ്ടകള്‍ക്കായി സേലം, കൃഷ്ണഗിരി, വെല്ലൂര്‍ എന്നീ പ്രദേശങ്ങളിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചു.
ഇരുപതിലധികം പേര്‍ പൊലീസിനെ വെട്ടിച്ച് ബിനുവിനൊപ്പം രക്ഷപ്പെട്ടുവെന്നാണ് നിഗമനം. അതേസമയം, പിടിയിലായ ഗുണ്ടകളെ വിവിധ കോടതികളില്‍ ഹാജരാക്കി. ഇവരില്‍ മൂന്നു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുണ്ടകളില്‍ 71പേര്‍ പുഴല്‍ ജയിലാണ് ഇപ്പോഴുള്ളത്.
ചൊവ്വാഴ്ച്ച ബിനുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന 73 ഗുണ്ടകളെയാണ് സാഹിസക നീക്കത്തിലൂടെ പൊലീസ് പിടികൂടിയത്. ചെന്നൈ - കാഞ്ചീപുരം അതിർത്തി പ്രദേശമായ മലയംപക്കത്തെ ഒരു ഷെഡിലാണ് ആഘോഷം നടന്നത്.
ജന്മദിനാഘോഷത്തിനു വന്ന ഗുണ്ടകള്‍ അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചതിന് പിന്നാലെ മദൻ എന്ന ഗുണ്ട പട്രോളിങ്ങിനിടെ പൊലീസിന്റെ പിടിയിലായതാണ് ജന്മദിനാഘോഷത്തിന്റെ വിവരങ്ങള്‍ വ്യക്തമായത്. തുടര്‍ന്നാണ് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ് സർവേശ് രാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഗുണ്ടാ വേട്ട നടത്തി 73 പേരെ പിടികൂടിയത്.
എന്നാല്‍, ബിനുവും അടുത്ത കൂട്ടാളികളായ വിക്കിയും കനകരാജും ഉള്‍പ്പെടയുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.
1994ല്‍ തമിഴ്‌നാട്ടിലെത്തിയ തൃശൂര്‍ സ്വദേശിയായ ബിന്നി പാപ്പച്ചനാണ് ഗുണ്ട ബിനു (45) എന്ന പേരില്‍ അറിയപ്പെടുന്നത്. പതിനഞ്ചാം ചെന്നൈയിലെത്തിയ ബിനു എട്ട് കൊലപാതക കേസുകളടക്കം 25ലധികം ക്രമിനില്‍ കേസുകളില്‍ പ്രതിയാണ്. തലവെട്ട് റൗഡി എന്നാണ് ഇയാള്‍ അറിയപ്പെടുന്നതെന്ന് പൊലീസിന്റെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തുവര്‍ഷമായി ചൂളൈമേടിലായിരുന്നു ഇയാളുടെ താമസം.