ബിപിസിഎൽ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനം; കൊച്ചിൻ റിഫൈനറിയും വിൽപ്പനയ്ക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പന
കൊച്ചിന്‍, മുംബൈ റിഫൈനറികള്‍ അടക്കം ഇതോടെ സ്വകാര്യ മേഖലയ്ക്ക് തുറന്നു കിട്ടും.
കൊച്ചിന്‍ റിഫൈനറിയും ബിപിസിഎല്ലുമടക്കം പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കുന്ന കാര്യം ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തതെന്നും ഭാരത് പെട്രോളിയം അടക്കം പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിയാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും നിര്‍മലാ സീതാരാമന് വ്യക്തമാക്കി.
രാജ്യത്തെ പ്രധാന ഇന്ധനവിതരണ കമ്പനിയായ ഭാരത് പെട്രോളിയത്തിന്‍റെ 53.29 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കും. ഇതോടൊപ്പം ബിപിസിഎല്ലിന്‍റെ നടത്തിപ്പ് അടക്കമുള്ള ചുമതലകളും സര്‍ക്കാര്‍ ഒഴിയും. ബിപിസിഎല്ലിന് കീഴിലെ കൊച്ചിയിലെ റിഫൈനറി വിറ്റൊഴിയും. അതേസമയം അസമിലെ റിഫൈനറി സര്‍ക്കാരിന് കീഴില്‍ തുടരും. ഷിപ്പിങ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യയുടെ ഓഹരികളും സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചതിൽപ്പെടും. കണ്ടയ്നര്‍ കോര്‍പറേഷന്‍റെ ഓഹരിയും വില്‍പനയ്ക്ക് എത്തും.
കൊച്ചിന്‍, മുംബൈ റിഫൈനറികള്‍ അടക്കം ഇതോടെ സ്വകാര്യ മേഖലയ്ക്ക് തുറന്നു കിട്ടും. ഇതു കൂടാതെ നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റൊഴിയാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ കമ്പനികളിലെ കേന്ദ്രസര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തം 51 ശതമാനമായി കുറയ്ക്കാനാണ് തീരുമാനിച്ചിട്ടുണ്ട്.