യോഗിയുടെ ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം; 48 മണിക്കൂറില്‍ മരണത്തിനു കീഴടങ്ങിയത് 42 കുട്ടികള്‍ - ആശങ്കയൊഴിയാതെ രക്ഷിതാക്കള്‍
യോഗിയുടെ ഗോരഖ്പൂരില്‍ ശിശുമരണം തുടര്‍ക്കഥ
ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം. രണ്ടുദിവസത്തിനുളളില്‍ 42 പിഞ്ചുകുഞ്ഞുങ്ങളാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മരണത്തിനു കീഴടങ്ങിയത്. അതേസമയം മൂന്നുദിവസം കൊണ്ട് മരണമടഞ്ഞ കുട്ടികളുടെ എണ്ണം അറുപതില്‍ അധികമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജപ്പാന്‍ ജ്വരം ബാധിച്ചതു മൂലമാണ് പതിനൊന്ന് കുട്ടികള്‍ മരണമടഞ്ഞതെന്നും ബാക്കിയുളളവര്‍ക്ക് ന്യൂമോണിയയും നവജാത ശിശുക്കള്‍ക്കുണ്ടാകുന്ന മറ്റ് അസുഖങ്ങളുമായിരുന്നുവെന്നാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി കെ സിങ് പറയുന്നത്.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ മാത്രം 25 കുട്ടികളാണ് മരണമടഞ്ഞത്. വെളളപ്പൊക്കവും കനത്തമഴയും തുടരുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നു.
ഈ മാസം ആദ്യം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് എഴുപതിലേറെ കുട്ടികള്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.