ഡല്‍ഹി: കര്‍ഷകസമരം ഡല്‍ഹിയിൽ ജീവിയ്ക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കേന്ദ്ര സർക്കാർ. പാർലമെന്റിൽ ചോദ്യോത്തര വേളയിൽ നൽകിയ മറുപടിയിലാണ് അതിർത്തികൾ അടച്ചത് ഡൽഹി നിവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നതായി കേന്ദ്ര സഹമന്ത്രി ജി കിഷൻ റെഡ്ഡി വ്യക്തമാക്കിയത്. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകസമരം നഗരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ എന്നായിരുന്നു ശിവസേന അംഗം അനിൽ ദേശായിയുടെ ചോദ്യം.
'ഗാസിപൂര്‍, ചില്ല, തിക്രി, സിംഘു അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണെന്ന്ഡല്ഹി പൊലീസ് അറിയിച്ചിട്ടുണ്ട്. ഇത്ഡല്ഹി നിവാസികള്‍ക്കും അതിര്‍ത്തി സംസ്ഥാനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിർത്തികൾ അടച്ചുള്ള പ്രതിഷേധം സാമ്പത്തികമായ നഷ്ടത്തിനും കാരണമാകുന്നു'എന്ന് ജി. കിഷന്‍ റെഡ്ഡി മറുപടി നൽകി. കർഷകരെ പ്രതിരോധിയ്ക്കുന്നതിനായി പൊലീസ് സ്ഥാപിച്ച ബാരിക്കേടുകളുടെ ചിത്രം പങ്കുവച്ച് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.