Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമ്മത്തിൻകായ കഴിച്ചാൽ കൊവിഡിൽ നിന്നും രക്ഷ നേടാം! - സത്യമെന്ത്?

ഉമ്മത്തിൻകായ കഴിച്ചാൽ കൊവിഡിൽ നിന്നും രക്ഷ നേടാം! - സത്യമെന്ത്?

അനു മുരളി

, വെള്ളി, 10 ഏപ്രില്‍ 2020 (11:34 IST)
ലോകമെങ്ങും കൊറോണ വൈറസിന്റെ പിടിയിലാണ്. വൈറസിന്റെ പ്രഭാകേന്ദ്രമായ ചൈനയിലെ വുഹാനിൽ ജീവിതം സാധാരണഗതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയും അമേരിക്കയുമെല്ലാം ഇപ്പോഴും കൊവിഡിനോട് പൊരുതുകയാണ്. ഈ സാഹചര്യത്തിൽ നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഉമ്മത്തിൻകായ കഴിച്ചാൽ കൊവിഡിൽനിന്നും രക്ഷപെടാം എന്നതും.
 
ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തി ഇരിക്കുക ആണ് ഡോ. ഷിംന അസീസ്. ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിലൂടെ ആണ് ഡോക്ടർ ഈ കാര്യം വ്യക്തം ആക്കുന്നത്. ഈ കായ കഴിച്ചാൽ ആരോഗ്യപ്രമായി വൻ പ്രശ്നങ്ങളാണ് ഉണ്ടാകുക. ചിലപ്പോൾ മരണം വരെ സംഭവിക്കാമെന്നും ഷിംന പറയുന്നു. പോസ്റ്റിങ്ങനെ:
 
ആന്ധ്ര പ്രദേശിൽ ‘ഉമ്മത്തിൻകായ കൊറോണക്കെതിരെ ഉള്ള മരുന്നാണ്‌’ എന്ന്‌ പറയുന്ന ടിക്‌ടോക്‌ വീഡിയോ വിശ്വസിച്ച്‌ ഒറ്റമൂലി ഉണ്ടാക്കി കഴിച്ച പത്തിലേറെ പേർ ആശുപത്രിയിൽ എന്ന്‌ വാർത്ത. ‘മുള്ളുകളുള്ള’ ഉമ്മത്തിൻകായക്ക്‌ ‘കൊമ്പുള്ള’ കോവിഡ്‌ വൈറസിനോടുള്ള രൂപസാദൃശ്യം ഈ വിഷക്കായ കോവിഡിനെതിരെയുള്ള മരുന്നെന്ന പ്രചാരണത്തിന്‌ ഉപയോഗിക്കുകയായിരുന്നത്രേ. എജ്ജാതി സൈക്കോകൾ !!
 
വഴികളിൽ സർവ്വസാധാരണമായി കാണുന്ന ഉമ്മത്തിൻകായ അഥവാ datura കൊടുംവിഷമാണെന്ന്‌ മലയാളികൾക്ക്‌ അറിയാം. എന്നാലും ഇത്തരം രൂപം വെച്ചുള്ള താരതമ്യപ്പെടുത്തൽ ഒക്കെ കണ്ട്‌ ”ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ” എന്നോർത്ത്‌ വിഷക്കായ പറിച്ച്‌ പ്രയോഗിച്ച്‌ നോക്കരുത്‌. വ്യാജമെസേജുകൾ ജീവനെടുത്തേക്കാം, വിശ്വസിക്കേണ്ടത്‌ സർക്കാർ ആരോഗ്യസംവിധാനം പുറത്ത്‌ വിടുന്ന ഔദ്യോഗിക അറിയിപ്പുകളെയും അവയെ അടിസ്‌ഥാനപ്പെടുത്തി വരുന്ന വാർത്തകളേയും മാത്രമാണ്‌.
 
ഈ ചെടിയുടെ വർഗത്തിൽ പെട്ട സർവ്വ ചെടികളും കടുത്ത വിഷമാണ്‌. വിത്തും പൂവും ചിലയിനങ്ങളിൽ വേരിന്‌ പോലും കടുത്ത വിഷമുണ്ട്‌. ഇവ അകത്ത്‌ ചെന്നാൽ കടുത്ത ശ്വാസതടസം, ഹൃദയത്തിന്റെ മിടിപ്പ്‌ കൂടുക, പേശികൾ മുറുകിയ നിലയിൽ ഏറെ സമയം നിൽക്കുക, കൃഷ്‌ണമണി വികസിച്ച നിലയിൽ തുടരുക, വെളിച്ചത്തോടുള്ള ഭയം, ശരീരം അനിയന്ത്രിതമായി ചൂടാകുക, ഓർമക്കുറവ്‌, ഇല്ലാക്കാഴ്‌ചകളും കേൾവികളും ഉണ്ടാകുക, മാനസികവിഭ്രാന്തി തുടങ്ങി വല്ലാത്ത സഹനമാണുണ്ടാകുക. തുടർന്ന്‌ മരണവും സംഭവിക്കാം.
 
നിങ്ങൾക്ക്‌ കോവിഡ്‌ വന്നാൽ ചികിത്സിക്കാൻ ഇവിടെ സർവ്വസന്നാഹങ്ങളുമായി ഇന്ത്യയിലെ, ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങളിലൊന്ന്‌ സദാ സജ്ജമായി നിലകൊള്ളുന്നുണ്ട്‌ എന്ന സത്യം മനസ്സിലാക്കുക. വാട്ട്‌സ്ആപും ടിക്‌ടോകും ഫേസ്‌ബുക്കും ഇൻസ്‌റ്റയുമെല്ലാം ഈ അടച്ചിട്ട നേരത്ത്‌ നമുക്ക്‌ കൂട്ടുകാരാണെന്നതിൽ സംശയമേതുമില്ല.
 
പക്ഷേ, ചങ്ങായി മോശമായാൽ പണി ഉമ്മത്തിൻകായയിലും കിട്ടും. അത്‌ കൊണ്ട്‌ തന്നെ പരീക്ഷണങ്ങൾ നടത്താതെ ഇത്തരം സന്ദേശങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയിൽ ആറ് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ