ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‍സഭാ മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു. ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ ഒരുപാട് പിന്നിലാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തുമ്പോൾ ബിജെപി സ്ഥാനാർഥികൾ പിന്നിലാണ്.
ബിഹാറില്‍ ഉപതിരഞ്ഞെടുപ്പു നടന്ന അരാരിയ ലോക്സഭാ സീറ്റിലും ഒരു നിയമസഭാ മണ്ഡലത്തിലും ബിജെപി സഖ്യം പിന്നിലാണ്. ഇവിടെ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോഗി മൂന്നു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍.
ഗോരഖ്പുരിൽ ഏകപക്ഷീയമായി ജയിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലാണു തകർന്നത്. ബിഎസ്പി പിന്തുണയോടെ മൽസരിക്കുന്ന എസ്പി സ്ഥാനാർഥി പ്രവീൺ കുമാർ നിഷാദിന്റെ ലീഡ് 27,000 കവിഞ്ഞു.
കഴിഞ്ഞ അഞ്ചു തവണകളായി യോഗി ആദിത്യനാഥ് തുടർച്ചയായി ജയിച്ചുവന്ന മണ്ഡലമാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി ഒരു വർഷം പിന്നിടുമ്പോഴെത്തുന്ന ഈ ഫലമെന്നതും ബിജെപിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു.