ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ സൂചിക ഉയർന്ന നിലയിൽ എത്തി. കഴിഞ്ഞ ദിവസമാണ് പൊടി പടലങ്ങൾ കൊണ്ട് ഡൽഹിയുടെ അന്തരീക്ഷം ആകെ മൂടിയത്. ഇതോടെ അന്തരീക്ഷ ഗുണ നിലവാര സൂചിക അപകട നില രേഖപ്പെടുത്തി. അന്തരീക്ഷ ഗുണ നിലവാര സൂചിക 500ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാർട്ടിക്കുലേറ്റർ മാറ്റർ 10 ന്റെ അളവിൽ അന്തരീക്ഷ വായുവിൽ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ നിരവധി പേർക്ക് ശ്വസ തടസം അടക്കമുള്ള പ്രശ്നങ്ങൾ നേരിട്ടു തുടങ്ങി. മൂന്നു ദിവസം പൊടി ശല്യം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ആളുകൾ മാസ്ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവു എന്ന് സുപ്രീം കോടതി നിയമിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി അറിയിച്ചു.
രാജസ്ഥാനിൽ നിന്നും വീശിയ ചൂട് കലർന്ന പൊടിക്കാറ്റാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേ സമയം ഉത്തർ പ്രദേശിലുണ്ടായ ശക്തമായ പൊടിക്കറ്റിൽ 10 മരിച്ചു.