ഭോപ്പാൽ: കൊവിഡ് പരിശോധനയ്ക്കായി വീട്ടിലെത്തിയ ഡോക്ടറെയും പൊലിസുകാരനെയും മർദ്ദിച്ച് അച്ഛനും മക്കളും. മധ്യപ്രദേശിലെ ഭോപ്പാലിൽനിന്നും 370 കിലോമീറ്റർ അകലെയുള്ള ഷിയാപൂരിലെ ഗസ്വാനി എന്ന ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. പരിശോധനയ്ക്കെത്തിയ ഡോക്ടറെയും പൊലീസ് ഉദ്യോഗസ്ഥനെയും കർഷനകാനായ ഗോപാലും മക്കളും ചേർന്ന് കല്ലെറിയുകയും മർദ്ദിക്കുകയുമായിരുന്നു.
ഗോപാലിന്റെ മകൻ സമീപ ജില്ലയിൽനിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഇതോടെയാണ് പരിശോധനയ്ക്കായി ഡോക്ടർ വീട്ടിലെത്തിയത്. എന്നാൽ പരിശോധന നടത്താൻ കുടുംബം ഡോക്ടറെ അനുവദിച്ചില്ല. കല്ലേറിൽ പൊലീസ് ഉദ്യോസ്ഥന് സാരമായി പരിക്കേറ്റു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപാൽ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് 5 വർഷം വരെ തടവ് ലഭിയ്ക്കാവുന്ന ജാമ്യമില്ലാ കുറ്റമാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഭവം.