കോവിഡ് 19 നെതിരായ കോവിഷീല്‍ഡ് വാക്‌സിന്‍ ഒറ്റ ഡോസ് മതിയോ എന്ന് കേന്ദ്രം പരിശോധിക്കുന്നു. അമേരിക്കന്‍ കോവിഡ് പ്രതിരോധ വാക്സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിലവില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്. സമാനമായ രീതിയില്‍ കോവിഷീല്‍ഡും ഒറ്റഡോസ് മതിയാകുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നി രണ്ട് ഡോസാണ് നിലവില്‍ നല്‍കുന്നത്. കോവിഷീല്‍ഡ് ഒറ്റ ഡോസ് മാത്രം മതിയെന്ന തീരുമാനത്തിലേക്ക് എത്തിയാല്‍ വാക്‌സിന്‍ യജ്ഞത്തില്‍ വലിയ മാറ്റമാണ് സൃഷ്ടിക്കുക.
വൈറല്‍ വെക്ടര്‍ പ്ലാറ്റ്ഫോം അടിസ്ഥാനമായി നിര്‍മിച്ച വാക്സിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിനും അങ്ങനെ തന്നെ. മറ്റൊരു വൈറല്‍ വെക്ടര്‍ വാക്സിനായ സ്പുട്നിക്കും പല സ്ഥലങ്ങളിലും ഒറ്റ ഡോസാണ് നല്‍കുന്നത്. അതുകൊണ്ടാണ് കോവിഷീല്‍ഡ് ഒരു ഡോസ് നല്‍കുന്നത് ഫലപ്രദമാണോയെന്ന് പരിശോധിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വാക്സിന്‍ ട്രാക്കിങ്ങിനായി സര്‍ക്കാര്‍ ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ ഡേറ്റകള്‍ ശേഖരിച്ച് അവ വിശദമായി പഠിച്ചതിന് ശേഷം ഓഗസ്റ്റ് മാസത്തോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.