കോവിഡിന്റെ ഇന്ത്യന്‍ വകഭേദം വലിയ ആശങ്ക സൃഷ്ടിക്കുന്നതായി ലോകാരോഗ്യസംഘടന. യുദ്ധസമാനമായ രീതിയിലുള്ള വ്യാപനമാണ് ഈ വകഭേദത്തിലൂടെ ഉണ്ടാകുന്നതെന്ന് WHO പറഞ്ഞു. ഇന്ത്യന്‍ വകഭേദം 12 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്നും ലോകാരോഗ്യസംഘട ആശങ്ക പ്രകടിപ്പിക്കുന്നു.
ബി.1.617 വകഭേദം ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. 44 രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച 4,500 സാംപിളുകള്‍ പരിശോധിച്ചു. ഇതില്‍ ഒരു ഡസനോളം രാജ്യങ്ങളില്‍ ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താനായി. ഈ വകഭേദം കാരണം ബ്രിട്ടനില്‍ കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ കുതിക്കുന്നു.
സാധാരണ വൈറസുകളേക്കാള്‍ അപകടകരവും വാക്‌സിന്‍ സുരക്ഷയെ മറികടക്കാനിടയുള്ളതുമാണ് ഈ വൈറസ് വകഭേദം. ലോകാരോഗ്യസംഘടന ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. ബി.1.617 ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തി. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവയാണവ. ഏറ്റവും രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഇന്ത്യന്‍ വകഭേദമാണ്.