രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രഘട്ടത്തിലേക്ക്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് ഇന്ത്യയിൽ 21,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകളിൽ വലിയ വർധവാണ് രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 6364 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ തമിഴ് നാട്ടിൽ 4329 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 1,92,900ആയി ഉയർന്നു. തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.
ഇന്നലെ മാത്രം മാഹാരാഷ്ട്രയിൽ 198 മരണങ്ങളും തമിഴ്‌നാട്ടിൽ 64 മരണങ്ങളുമാണ് റിപ്പോർറ്റ് ചെയ്‌തത്, ഡൽഹിയിൽ 59 മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ഇന്നത്തെ കണക്കുകൾ പുറത്തുവരുമ്പോൾ രാജ്യത്തെ പ്രതിദിന കൊവിഡ് മരണസംഖ്യയും ഉയരാനാണ് സാധ്യത.
കർണാടകയിൽ ഇന്നലെ 1694 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഉത്തർപ്രദേശിൽ 972 പേർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം തദ്ദേശീയ വാക്സിനായ കോവാക്സിൻ ഓഗസ്റ്റ് 15 ന് പുറത്തിറക്കാനുള്ള ത്വരിത നടപടികൾ പ്രായോഗികമല്ലെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.അൺലോക്ക് ഡൗൺ രണ്ടാം ഘട്ടം നിലവിൽ വന്നതോടെ ഡൽഹി ജമാ മസ്ജിദ് ഇന്ന് മുതൽ പ്രാർത്ഥനക്കായി തുറക്കും.