അസം ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിനെ പരിഹസിച്ച് കോൺഗ്രസ്സ്. അവിടെ ഇന്റെർനെറ്റ് അടക്കമുള്ള സംവിധാനങ്ങൾ വിച്ചേദിച്ചിരിക്കുകയാണെന്നും താങ്കളുടെ സമാധാന സന്ദേശം വായിക്കാൻ നമ്മുടെ സഹോദരങ്ങൾക്ക് തൽക്കാലം മറ്റ് വഴികൾ ഇല്ലെന്നുമാണ് കോൺഗ്രസ്സിന്റെ പരിഹാസം.
പൗരത്വബിൽ രാജ്യസഭയിലും പാസായതിനെ തുടർന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സംഘർഷം ശക്തമായത്. ഈ സാഹചര്യത്തിലാണ് അസം ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ടെന്ന സന്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പങ്കുവെച്ചത്. ഈ പ്രസ്ഥാവനക്കുള്ള മറുപടിയാണ് കോൺഗ്രസ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ വഴി ഇപ്പോൾ നൽകിയത്.
അതേസമയം അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സംഘർഷം വ്യാപിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. അസമിൽ നാലിടത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അനിശ്ചിതകാല കർഫ്യു പ്രഖ്യാപിച്ച ഗുവാഹത്തിയിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ വീട്ടിന് നേരെ കല്ലേറുണ്ടായി. അസമിൽ നിന്നും ആരംഭിക്കുന്ന നിരവധി ട്രൈയ്‌നുകളും റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്ഥലമായ ദിബ്രുഗഡിലെ ചാബുവ റെയിൽവേ സ്റ്റേഷൻ പ്രക്ഷോഭകാരികൾ തീ വെച്ചതായും റിപ്പോർട്ടുകളുണ്ട്.