കർണാടകയിലെ ചിത്രദുർഗയിൽ ബിജെപി റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ നിന്നു ദുരൂഹമായ പെട്ടി സ്വകാര്യ വാഹനത്തിൽ കയറ്റി കൊണ്ടുപോയ സംഭവത്തിൽ
ദുരൂഹത തുടരുന്നു.
ഈ മാസം ഒമ്പതിന് ചിത്രദുർഗയിൽ എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ നിന്നിറക്കിയ കറുത്ത പെട്ടി ഇന്നോവ കാറിൽ കയറ്റി അതിവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. ഈ ദൃശ്യങ്ങൾ കോൺഗ്രസ്, ജനതാദൾ എസ് നേതാക്കൾ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.
പെട്ടിയിൽ എന്തായിരുന്നുവെന്ന കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനും അന്വേഷണം നടത്തണം. കോൺഗ്രസ് കർണാടക ഘടകം ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനു പരാതിയും നൽകി.
അതേസമയം, കോൺഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹറാവു പറഞ്ഞു. പെട്ടിയില്‍ കള്ളപ്പണം ആയിരുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്.