കിഴക്കൻ ലഡാക്കിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന ഏഴിടങ്ങളിൽ ആറിടങ്ങളിൽ നിന്നും ഇരു സേനകളും പിന്മാറുന്നതിനായുള്ള പ്രാഥമിക രൂപരേഖയായി. അതേസമയം പാംഗോങ്ങ് തടാകത്തിനോട് ചേർന്ന് ചൈന കൈയ്യേറിയ മലനിരകളിൽ നിന്നും പിന്മാറാൻ ചൈന തയ്യാറായിട്ടില്ല. പ്രാഥമിക രൂപരേഖ തയ്യാറായിട്ടുണ്ടെങ്കിലും അതിർത്തിയിൽ ഇരു സേനകളും നേർക്കുനേർ തുടരുകയാണ്.
പാംഗോങ്ങ് തടാകത്തിനോട് ചേർന്നുള്ള എട്ടുമലനിരകളിൽ നാലാം മലനിരവരെ 8 കിലോമീറ്ററാണ് ചൈന കയ്യേറിയിരിക്കുന്നത്.കമാൻഡർ തലത്തിൽ 13 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയ്ക്കൊടുവിലും ഇവിടങ്ങളിൽ നിന്നും പിന്മാറില്ലെന്ന കടുംപിടിത്തത്തിലാണ് ചൈന. ഇന്ത്യ രണ്ടാം മലനിരകളിലേക്ക് പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടു.
ചൈന കടുംപിടുത്തം തുടരുന്നതിനാൽ പ്രശ്‌നപരിഹാരത്തിനായി കൂടുതൽ ചർച്ചകൾ വേണ്ടിവന്നേക്കും. സേനാ പിന്മാറ്റത്തിന് മാസങ്ങൾ തന്നെ എടുത്തേക്കുമെന്നാണ് സൂചന.അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെ ലഡാക്ക് സന്ദർശിക്കും. ഗൽവാൻ സംഘർഷത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന സൈനികരെയും രാജ്‌നാഥ് സിങ് സന്ദർശിക്കും.