ഡ്രൈവിംഗ് ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിച്ചേക്കും; നടപടിക്രമങ്ങള്‍ ആരംഭിച്ചു
ഡ്രൈവിംഗ് ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിച്ചേക്കും; നടപടിക്രമങ്ങള്‍ ആരംഭിച്ചു
രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. ഒക്‍ടോബറോടെ ഡ്രൈവിംഗ് ലൈസൻസുകൾക്കും പുതിയ വാഹന രജിസ്ട്രേഷനും ആധാർ നിർബന്ധമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. നടപടിക്കാവശ്യമായ മാറ്റങ്ങൾ കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
നിരവധി വ്യാജ ലൈസൻസുകൾ രാജ്യത്ത് അനുവദിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിക്കാൻ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കൂടാതെ റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ എളുപ്പത്തിൽ പിടികൂടാനും ഇത് വഴി സാധിക്കുമെന്നും കേന്ദ്രം അവകാശപ്പെടുന്നു.
ഒരേ പേരിൽ പല ലൈസൻസുകൾ നൽകുന്നത്, ഗതാഗത, ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ, വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കൽ തുടങ്ങിയവയെ തടയാൻ ഈ നീക്കം സഹായിക്കുമെന്നാണു കേന്ദ്രത്തിന്റെ പ്രതീക്ഷ.