സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്‌ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. പകരം വിദ്യാർത്ഥികളുടെ 9,10,11 ക്ലാസുകളിലെ മാർക്കുകൾ പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. ഇതേ രീതിയാണ് പന്ത്രാണ്ടാം തരത്തിലും പിന്തുടരാൻ സിബിഎസ്ഇ ആലോചിക്കുന്നത്.
സിബിഎസ്ഇ പരീക്ഷാ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ രണ്ട് നിർദേശങ്ങളാണ് പ്രധാനമായി ഉണ്ടായത്.പ്രധാനപ്പെട്ട വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തുക,പരീക്ഷാ സമയം വെട്ടിക്കുറച്ച് ഒബ്ജക്ടീവ് മാതൃകയിൽ നടത്തുക. എന്നീ നിർദേശങ്ങളാണ് അവ.
അതേസമയം പരീക്ഷയ്ക്ക് മുൻപ് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും വാക്‌സിനേഷൻ നടത്തണമെന്ന നിർദേശവും സംസ്ഥാനങ്ങൾ വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിലാണ് എന്നുള്ളത് പരീക്ഷാ നടത്തിപ്പിന് പ്രതിസന്ധിയാണ്.ഇതെല്ലാം പരിഗണിച്ചാണ് പരീക്ഷ പൂർണമായും റദ്ദാക്കാമെന്ന തീരുമാനം സിബിഎസ്ഇ പരിഗണിക്കുന്നത്. അതേസമയം പരീക്ഷ മാറ്റിവെക്കണമെന്ന ഹർജിയിൽ സുപ്രിംകോടതി നാളെ വാദം കേൾക്കും.