പൌരത്വ നിയമ ഭേദഗതിയെ ചൊല്ലി പൊട്ടിപ്പുറപ്പെട്ട അക്രമം ഡൽഹിയെ വിറപ്പിക്കുകയാണ്. അപ്രതീക്ഷിതമായി ഉടലെടുത്ത കലാപത്തിൽ ഇതുവരെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. സമാധാനപരമായി നടന്നുകൊണ്ടിരുന്ന പ്രതിഷേധം സംഘർഷഭരിതമാക്കിയത് ഞായറാഴ്ച (ഫെബ്രുവരി 23) ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രസ്താവനയായിരുന്നു.
സി എ എയെ അനുകൂലിച്ച് നടത്തിയ റാലിയിലായിരുന്നു കപിൽ മിശ്രയുടെ ഭീഷണി പ്രസ്താവന. ട്രംപ് ഇന്ത്യയില്‍ നിന്ന് പോകുന്നത് വരെ മാത്രമേ തങ്ങള്‍ സമാധാനം തുടരൂ എന്നും, അതുകഴിഞ്ഞാല്‍ ആരെയും കേള്‍ക്കില്ലെന്നുമായിരുന്നു പൊലീസിനോടായി കപില്‍ മിശ്ര പറഞ്ഞത്. സമരവും പ്രതിഷേധവും അവസാനിക്കാൻ 3 ദിവസം സമയം തരുമെന്നും അതുകഴിഞ്ഞാൽ കാര്യങ്ങൾ വഷളാകുമെന്നും മിശ്ര പറഞ്ഞിരുന്നു. ഇതിനു മണിക്കൂറുകൾക്ക് ശേഷമായിരുന്നു അക്രമണം പൊട്ടിപ്പുറപ്പെട്ടത്.
ജയ്ശ്രീരാം വിളിച്ചുകൊണ്ട് ചിലര്‍ കല്ലുകള്‍ ശേഖരിക്കുന്നതിന്റെയും അവ ട്രക്കില്‍ കയറ്റുന്നതിന്റെയും വീഡിയോ അന്ന് രാത്രി തന്നെ പുറത്തുവന്നിരുന്നു. ഹിന്ദുക്കളുടെ വീടുകൾക്കും കടകൾക്കും മുമ്പിലായി തിരിച്ചറിയപ്പെടുന്നതിനായി കാവിക്കൊടി കെട്ടി. അക്രമികൾക്ക് തിരിച്ചറിയാനായിരുന്നു ഇത്. മുസ്ലിം വീടുകൾക്കും കടകൾക്കും നേരെ കല്ലേറുണ്ടായി.
മുസ്ലീമുകള്‍ കൂടുതലായി താമസിക്കുന്ന ജാഫ്രാബാദിലാണ് ആദ്യം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പീന്നീട് മൗജ്പൂരിലേക്കുള്‍പ്പടെ അക്രമം വ്യാപിച്ചു. കല്ലേറില്‍ തുടങ്ങിയ സംഘര്‍ഷം വെടിവെയ്പ്പിലേക്ക് വളര്‍ന്നു. പേരും മതവും ചോദിച്ചു കൊണ്ടായിരുന്നു അക്രമമെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയതെന്നും, ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടച്ചിടണമെന്നുമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്.