കർണാടകയിൽ ബസുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം; മരിച്ചവരില്‍ മലയാളിയും
കർണാടകയിൽ ബസുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. കാസർഗോഡു നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ വോൾവോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് കാസർഗോഡ് സ്വദേശിനിയടക്കം മൂന്നു പേർ മരിച്ചത്. ഇന്നു പുലർച്ചെ മൂന്നോടെ കർണാടക സഹലാപുരത്തിനും ഹാസനും ഇടയിലുള്ള ആലൂരിലാണ് അപകടം നടന്നത്.
ചെങ്കള പഞ്ചായത്ത് അംഗമായ അബ്ദുൾ സലാം പാണലത്തിന്റെ മകൾ ഫാത്തിമത്ത് സമീറ (25) ആണ് മരിച്ച മലയാളി. ബസ് ആലൂരിലെത്തിയപ്പോൾ എതിരെ വരികയായിരുന്ന ദുർഗാമ്പ എന്ന സ്ലീപ്പർ കോച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീറ തൽക്ഷണം മരിച്ചു. പിതാവ് അബ്ദുൾ സലാം അടക്കം ആറു പേരുടെ പരിക്ക് ഗുരുതരമാണ്.