ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. ബാക്കി 13 പെരെ പിന്നീട് പ്രഖ്യാപിക്കും. എന്നാൽ പ്രഖ്യാപിച്ചവരിൽ ന്യൂഡൽഹിയിൽ മത്സരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ എതിരാളിയെ ബിജെപി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർത്ഥികളിൽ 11 പേർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ്, നാലുപേർ സ്ത്രീകളാണ്. ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ബിജെപി അധ്യക്ഷൻ മനോജ് തിവാരിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
തിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത രോഹിണി മണ്ഡലത്തിൽനിന്നു ജനവിധി തേടും. മുൻ എഎപി എംഎൽഎ കപിൽ മിശ്ര മോഡൽ ടൗണിൽനിന്നും രേഖ ഗുപ്ത-ഷാലിമാർ ബാഗ് സുമൻ കുമാർ ഗുപ്ത ചാന്ദിനി ചൗക്ക് എന്നിവിടങ്ങളിൽ നിന്നുമായിരിക്കും മത്സരിക്കുക. രവി നേഗി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെ നേരിടും. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് വ്യക്തമാക്കാതെയാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. മീനാക്ഷി ലേഖി, സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി, വിജയ് ഗോയൽ എന്നിവരുടെ പേരുകൾ ഉയർന്ന് കേട്ടിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിഛായയിലായിരിക്കും ബിജെപി പ്രചാരണം നടത്തുക.
ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ബുധനാഴ്ച തന്നെ 70 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.കോൺഗ്രസ്സ് ഇതുവരെയും തങ്ങളുടെ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചിട്ടില്ല.