പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ
ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിലഞ്ജൻ റോയിയെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിലായി. ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിലഞ്ജൻ റോയിയെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. റോയിക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
ഏപ്രിൽ 26നായിരുന്നു സംഭവം. ബിജെപി പ്രവർത്തകർ മോശമായി പെരുമാറിയെന്നു പരാതി നൽകാൻ റോയിയുടെ ഫാൽത്തയിലെ വീട്ടിൽ ചെന്ന 17-കാരിയാണ് പീഡനത്തിനിരയായത്. അടുത്ത ദിവസം തന്നെ അവർ പൊലീസിൽ പരാതി നൽകി. പൊലീസ് മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തുവെങ്കിലും പ്രതിയെ അറസ്റ്റു ചെയ്യുന്നതിൽ അലംഭാവം കാണിച്ചു എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അനന്യ ചാറ്റർജി വിശദീകരിച്ചു.
റോയിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, മമതാ ബാനർജിയുടെ അനന്തരവനും എതിർ സ്ഥാർത്ഥിയുമായ അഭിഷേക് ബാനർജിയുടെ ഗൂഡാലോചനയാണ് കേസിനു പിന്നിലെന്ന് റോയി ആരോപിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺഗ്രസ് തെറ്റായ കേസ് എടുത്തിരിക്കുകയാകാമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജയപ്രകാശ് മജുംദാർ ആരോപിച്ചു.