ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക സേനാ മേധാവിയായി(ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്-സിഡിഎസ്) ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു. കരസേനാ മേധാവി പദവിയിൽ നിന്നും നാളെ വിരമിക്കാനിരിക്കെയാണ് ബിപിൻ റാവത്തിനെ സംയുക്ത സേനാ മേധാവിയാക്കി നിയമിച്ചത്.
ഫോർ സ്റ്റാർ ജനറൽ പദവിയിലാകും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ നിയമനം. ശനിയാഴ്ച പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സംയുക്ത സൈനിക മേധാവിയുടെ പ്രായപരിധി 65 വയസ്സാണെന്ന് അറിയിച്ചിരുന്നു. നേരത്തെ ഇത് 64 വയസ്സ് വരെയായിരുന്നു. മൂന്ന് വർഷമാണ് സംയുക്ത സൈനിക സേനാ മേധാവിയുടെ കാലാവധി.
രാഷ്ട്രപതിക്ക് കീഴിൽ കരസേനാ,വ്യോമസേനാ, നാവികസേനാ എന്നിവയുടെ ഏകോപനചുമതലയായിരിക്കും സൈനിക മേധാവിക്ക് ഉണ്ടായിരിക്കുക. പ്രതിരോധ മന്ത്രിയുടെ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും.