ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം നീക്കാൻ കർണാടകയുടെ പിന്തുണ തേടി കേന്ദ്രം
ബന്ദിപ്പൂർ യാത്രാ നിരോധനം നീക്കില്ല
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് കത്തയച്ചു. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്.മാലിക്കാണ് കത്ത് നല്‍കിയത്.
രാത്രിയാത്ര അനുവദിക്കുക, ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള റോഡിന്റെ വീതി കൂട്ടുന്നതിന് സഹകരിക്കുക, ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ണാടകയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. കുറച്ച് നാളുകളായി ഇതേ ആവശ്യം കേരളം ആവര്‍ത്തിച്ച് വരികയാണ്.
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര നിരോധനം നീക്കാനാവില്ലെന്ന് കടുവ സംരക്ഷണ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൈസൂരില്‍ നിന്നുള്ള രാത്രിയാത്രയ്ക്ക് സമാന്തര പാത ഉപയോഗിക്കണമെന്നാണ് അതോറിറ്റിയുടെ നിലപാട്.
ഇതുസംബന്ധിച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോര്‍ട്ടിനെ കുറിച്ച് കേരളത്തിന് ഏതിര്‍പ്പ് അറിയിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. എതിര്‍പ്പ് വ്യക്തമാക്കി കേരളം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതെല്ലാം പരിഗണിച്ചതിന് ശേഷമാകും സുപ്രീംകോടതി അന്തിമ തീരുമാനത്തിലേക്ക് പോവുക.