ബാബറി മസ്ജിദ് കേസ്: അദ്വാനി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി
ബാബറി മസ്ജിദ് കേസ്: അദ്വാനി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി
ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി എന്നിവർ ഉൾപ്പെടെ 12 പ്രതികൾ നൽകിയ വിടുതൽ ഹർജി ലക്നൗവിലെ പ്രത്യേക സിബിഐ കോടതി തള്ളി.
കേസിൽനിന്നും കുറ്റവിമുക്തരാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, കേസിൽ അദ്വാനിയുൾപ്പെടെയുള്ള 13 പേർക്ക് കോടതി ജാമ്യം അനുവദിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ജാമ്യം. ഗൂഢാലോചനക്കുറ്റം പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. ജാമ്യത്തുകയായി നേതാക്കള്‍ കോടതിയില്‍ 50,000 രൂപവീതം കെട്ടിവെക്കണം. പ്രതികള്‍ മെയ് 25 നും 26 നും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ.അഡ്വാനി, ഉൾപ്പെടെ 15 പേർക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ കഴിഞ്ഞ മാസം 19ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
രണ്ട് കുറ്റപത്രങ്ങളുള്ള കേസിൽ രണ്ടാമത്തേതിലാണ് അദ്വാനി, ജോഷി, ഉമ ഭാരതി, വിനയ് കത്യാർ, സാധ്വി ഋതംബര, വിഷ്ണു ഹരി ഡാൽമിയ എന്നിവരടക്കം 13 പേർക്കെതിരെ കർസേവകരെ പള്ളി തകർക്കാൻ പ്രേരിപ്പിക്കുംവിധം പ്രസംഗിച്ചുവെന്ന ആരോപണമുള്ളത്.