ഡൽഹി; അയോധ്യ ഭൂമി തർക്ക കേസിൽ വാദം ഇന്ന് അവസാനിക്കാനിരിക്കെ സുപ്രീം കോടതിക്കുള്ളിൽ നാടകീയ സംഭവങ്ങൾ. ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകൾ സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ രാജിവ് ധവാൻ കീറിയെറിയുകയായിരുന്നു.
ഇത്തരം വില കുറഞ്ഞ രേഖകൾ കോടതിയിൽ ഹാജരാക്കരുത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്റെ പ്രകോപനപരമായ നടപടി. ഇതോടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രൂക്ഷമായ ഭാഷയിൽ അഭിഭാഷകനെ ശകാരിച്ചു. കോടതിയുടെ മന്യത നശിപ്പിച്ചു എന്നും ഇത്തരം സഭവങ്ങൾ ഉണ്ടായാൽ ഇറങ്ങിപ്പോകേണ്ടി വരും എന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
രാമജൻമ ഭൂമി എവിടെ എന്ന് സൂചിപ്പിക്കുന്ന ഭൂപടവും, കുനാൽ കിഷോർ എഴുതിയ 'അയോധ്യ പുനരാവലോകനം' എന്ന പുസ്തകത്തിലെ ഏതാനും പേജുകളുമാണ് രാജീവ് ധവാൻ കീറിയെറിഞ്ഞത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുസ്തകങ്ങളിലെ ഉള്ളടക്കങ്ങൾ തെളിവായി സ്വീകരിക്കാൻ സാധിക്കില്ല എന്ന വാദം ഉന്നയിച്ചുകൊണ്ട് അഭിഭാഷകൻ പേജുകൾ കീറുകയായിരുന്നു.
കേസിൽ ഇന്ന് വാദം അവസാനിക്കും എന്നും ഇനിയും കൂടുതാൽ ഇടപെടലുകൾ നടത്താൻ അനുവദിക്കില്ല എന്നും സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് വ്യക്തമാക്കി കഴിഞ്ഞു. കേസിൽ ഭരണഘടന ബെഞ്ച് ആരംഭിച്ച വാദം ഇന്ന് നൽപ്പതാം ദിവത്തിലേക്ക് കടന്നു. എല്ലാ കക്ഷികൾക്കും വാദിക്കാൻ 45 മിനിറ്റുകൾ മാത്രമേ നൽകൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്