ഒരാളുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇത് രാജഭരണകാലമല്ലെന്ന് അരവിന്ദ് സ്വാമി
ശശികലയ്‌ക്കെതിരെ വിമര്‍ശവുമായി നടന്‍ അരവിന്ദ് സ്വാമി
മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനുള്ള തന്ത്രപ്പാടിലാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല. അത് തടയാൻ തമിഴ്നാടിന്റെ കാവൽ മുഖ്യമന്ത്രി പനീർസെൽവവും. ഒപ്പം സിനിമാ മേഖലയിലെ പ്രമുഖരും. ഗവർണർ ഒപിഎസിന്റെ ഒപ്പമാണെന്ന ശ്രുതിയാണ് ചെന്നൈയിൽ ഉയരുന്നത്.
ഇപ്പോഴിതാ, കമൽഹാസന് പിന്നാലെ ശശികലയ്‌ക്കെതിരെ തമിഴ് സിനിമാ ലോകത്തെ കൂടുതല്‍ പേര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരാളുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇത് രാജഭരണകാലമല്ലെന്ന് ശശികലയെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ അരവിന്ദ് സ്വാമി ട്വിറ്ററില്‍ രംഗത്തെത്തി. ജനങ്ങളെ ഭരിക്കുന്നവരെയല്ല ജനസേവകരെയാണ് ആവശ്യമെന്നും അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു.
ഇതിനു പിന്നാലെ ചിന്നമ്മ 'തടവിലാക്കി'യ എംഎല്‍എമാരെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ പ്രതികരണം ആരാഞ്ഞ് കോള്‍ യുവര്‍ ലോമേക്കേഴ്‌സ് എന്ന പേരില്‍ ഓണ്‍ലൈന്‍ ക്യാംപെയിനും നടന്‍ തുടക്കമിട്ടു. അരവിന്ദ് സ്വാമി ആരംഭിച്ച ക്യാംപയിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.