ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. പ്രദേശവാസികള്‍ക്ക് പുകമൂലം കാഴ്ചമങ്ങുകയും ശ്വാസംമുട്ടലും ഉണ്ടായി തുടങ്ങിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് തൊണ്ടയില്‍ അണുബാധയും ഉണ്ടായിതുടങ്ങിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍ വായുമലിനീകരണവും കൂടിയാകുമ്പോള്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 200നും 300നും ഇടയിലാണെങ്കില്‍ വായു മോശമെന്നാണ് കണക്കാക്കുന്നത്. ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ ഇത് 401 ആണ്. ആലിപ്പൂരിലെ എയര്‍ ക്വാളിറ്റി 405ഉം വാസിര്‍പൂരിലേത് 410 ഉം ആണ്. ഇത് വളരെ ഗുരുതമായ അപകടസ്ഥിതിയാണ്. ഡല്‍ഹിയിലെ വായുമലിനീകരണത്തിന് പ്രധാനകാരണം ഹരിയാനയിലും പഞ്ചാബിലും വയലുകളില്‍ വൈക്കോല്‍ കത്തിക്കുന്നതാണ്. ഇതിനെതിരെ സുപ്രീംകോടതിയും രംഗത്തുവന്നു. പുതിയ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.