Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്നുകാലികൾക്ക് ആധാർ കാർഡോ? പാസ്പോർട്ട് വരെയുണ്ട്, പിന്നെയാ!

കന്നുകാലികൾക്ക് പാസ്പോർട്ട് വന്നാൽ എങ്ങനെയിരിക്കും?

കന്നുകാലികൾക്ക് ആധാർ കാർഡോ? പാസ്പോർട്ട് വരെയുണ്ട്, പിന്നെയാ!
, വെള്ളി, 6 ജനുവരി 2017 (14:17 IST)
കന്നുകാലികൾക്ക് തിരിച്ചറിയൽ രേഖ നടപ്പിലാക്കുന്നുവെന്ന് നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചതോടെ അടുത്ത വിവാദങ്ങൾ ആരംഭിക്കുകയായിരുന്നു. നരേന്ദ്രമോദി സർക്കാർ പശുക്കൾക്ക് ആധാർ കാർഡ് നടപ്പിലാക്കുന്നു എന്നും ഭാവിയിൽ പശുക്കൾക്ക് വോട്ടുണ്ടാകുമെന്നും ഒക്കെയാണ് പരിഹാസങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് ട്രോളുകൾ വരെ ഇറങ്ങി.
 
പക്ഷേ, മൃഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുന്നത് അപൂർവ്വമായ സംഭവമല്ലത്രേ. ഹമുറാബിയുടെ കാലം മുതൽ തന്നെ മൃഗങ്ങൾക്ക് തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത് . അക്കാലത്തെ തിരിച്ചറിയൽ പ്രാകൃത വിദ്യ കൊണ്ട് അടയാളങ്ങൾ രേഖപ്പെടുത്തിയായിരുന്നെങ്കിൽ ഇന്ന് സാങ്കേതിക വിദ്യയുടെ പുരോഗമനത്തിനനുസരിച്ച് അതിന്റെ രീതികൾ മാറുന്നുവെന്ന് മാത്രം.
 
കന്നുകാലികൾക്ക് തിരിച്ചറിയ കാർഡ് എന്ന് പറഞ്ഞ് പരിഹസിക്കുന്നത് ഇംഗ്ല്ണ്ടിലുള്ളവർ കേട്ടാൽ അവർ പറയുന്നത് ഇങ്ങനെയാകും 'ഞങ്ങൾക്ക് കാറ്റിൽ പാസ്പോർട്ട് വരെയുണ്ട്'. വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്ത് എന്ന സംഘടനയാണ് കന്നുകാലികളുടെ തിരിച്ചറിയലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള അംഗീകൃത സംഘടനകളിലൊന്ന്. 
 
എല്ലാ കന്നുകാലികളും കൃത്യമായി രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് യൂറോപ്യൻ യൂണിയന്റെ മാർഗ്ഗ രേഖ . കൃത്യമായ പേപ്പർ പാസ്പോർട്ടുകളും ഇയർ ടാഗുകളും കന്നുകാലികൾക്ക് നിർബന്ധമാണ്. ഇവയുടെ എല്ലാ രേഖകളും സിസ്റ്റത്തിൽ റെക്കോർഡ് ആയിരിക്കും. ബ്രിട്ടനിൽ 1998 ൽ കമ്പ്യൂട്ടറൈസ്ഡ് കാറ്റിൽ ട്രേസിംഗ് സിസ്റ്റം നടപ്പിലാക്കിയിരുന്നു. പാസ്പോർട്ട് ഇല്ലാതെ അവിടുത്തെ ഒരു കന്നുകാലിക്കും നിലവിൽ ഉള്ള സ്ഥലത്ത് നിന്ന് മാറാൻ സാധിക്കുകയില്ല .
 
ജനനത്തിന് 20 ദിവസത്തിനുള്ളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കന്നുകാലിക്ക് നമ്പർ നേടിയിരിക്കണം. ആദ്യ ഘട്ട രജിസ്ട്രേഷൻ 36 മണിക്കൂറിനുള്ളിൽ ചെയ്തിരിക്കണം. കന്നുകാലികൾ മറ്റൊരു സ്ഥലത്തേക്ക് നീങ്ങുകയാണെങ്കിൽ അത് ഓൺലൈനായി തന്നെ അറിയിക്കാനും വ്യവസ്ഥയുണ്ട്. ജനനം മാത്രമല്ല മരണവും രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം.
 
ഇപ്പോൾ ചർച്ചയായത് 2016-17 ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പശുധൻ സഞ്ജീവനി എന്ന പദ്ധതിയാണ് . മലയാളത്തിലെ പശുവല്ല ഹിന്ദിയിലെ പശു. മൃഗം എന്ന അർത്ഥത്തിലാണ് പശു എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. പാൽ ഉത്പാദനത്തിനുപയോഗിക്കുന്ന മൃഗങ്ങൾക്ക് യുണീക്ക് ഐഡികൾ നൽകുകയെന്നതാണ് ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കന്നുകാലികളെ തമ്മിൽ ബന്ധിപ്പിക്കാനും ബീജം ഓൺലൈനായി വാങ്ങാനുമുള്ള പോർട്ടലും സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ധോണിയുടെ തന്ത്രമായിരുന്നു; കോഹ്‌ലി ഹീറോയോ, സീറോയോ ?