ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് മാധ്യമപ്രവർത്തകരുടെ ഹർജികളിൽ അറ്റോർണി ജനറലിന്റെ നിലപാട് തേടി സുപ്രീംകോടതി. രണ്ടാഴ്‌ച്ചക്കകം വിഷയത്തിൽ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് എജിക്ക് കോടതി നോട്ടീസ് നൽകി.
ഈ വരുന്ന 27ആം തീയതി കേസ് സുപ്രീംകോടതി പരിഗണിക്കും. മണിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകന്‍റെയും ഛത്തീസ്ഗഡിലെ കാര്‍ട്ടൂണിസ്റ്റിന്‍റേതടക്കമുള്ള എല്ലാ ഹര്‍ജികളും 27-ന് ഒന്നിച്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മാധ്യമപ്രവർത്തകൻ ശശികുമാറിന് കേസിൽ കക്ഷി ചേരാനുള്ള അനുമതിയും സുപ്രീംകോടതി നൽകിയിട്ടുണ്ട്.
ഭരണകൂടത്തെ വിമർശിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് മാധ്യമ പ്രവർത്തകർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ യു.യു ലളിത്, അജയ് രസ്തോഗി എന്നിവരുടെ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഭരണഘടന ഉറപ്പ് വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണ് 124 എ വകുപ്പെന്നും, നിയമത്തിലെ വ്യക്തത കുറവ് മൂലം അത് ദുരുപയോഗം ചെയ്യുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.