‘ഗുര്‍മീത് അനുയായികള്‍ ആയുധവും കൊണ്ട് പാഞ്ഞടുക്കുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കണമായിരുന്നോ’: ദേരാ കൗണ്‍സിലിന് ചുട്ട മറുപടിയുമായി ഹൈക്കോടതി
'ഗുര്‍മീത് അനുയായികള്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കി, ഇത് തികഞ്ഞ അരാജകത്വം': ദേരാ കൗണ്‍സിലിന് ചുട്ട മറുപടിയുമായി ഹൈക്കോടതി
ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റിന് പിന്നാലെ ഹരിയാനയിലും മറ്റു സംസ്ഥാനങ്ങളിലുമായി ആരംഭിച്ച കലാപത്തില്‍ ദേരാ കൗണ്‍സിലിനെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഗുര്‍മീത് അനുയായികള്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കിയെന്നും ഇത് തികഞ്ഞ അരാജകത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
ദേരാ സച്ചാ സൗധാ പ്രവര്‍ത്തകര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കാമായിരുന്നെന്നും വെടിവെപ്പ് നടത്തേണ്ടിയിരുന്നില്ലെന്നും ദേരാ കൗണ്‍സില്‍ കോടതി മുന്‍പാകെ പറഞ്ഞു. ഇതിനെതിരെയാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ദേരാ സച്ചാ സൗധ പ്രവര്‍ത്തകര്‍ മാരക ആയുധങ്ങളുമായി പാഞ്ഞടുക്കുമ്പോള്‍ പൊലീസ് അത് നോക്കിനില്‍ക്കണമായിരുന്നോയെന്നും പൊലീസിന് ആ ഘട്ടത്തില്‍ സൗമ്യമായി പെരുമാറാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
പൊലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ നടപടി തന്നെയാണ് ഉണ്ടായത്. ഹരിയാന ഒന്നാകെ കത്തുമ്പോള്‍ പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നെന്ന ദേരാ കൗണ്‍സിലിന്റെ വാദത്തോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന് അഭിഭാഷകന്‍ അനുപം ഗുപ്തയും പറഞ്ഞു.