മുസ്ലിമിനും ഹിന്ദുവിനും കൂടി ഒരു റൂം തരില്ല'; ദമ്പതികളെ ഹോട്ടൽ ജീവനക്കാരന്‍ ആക്ഷേപിച്ച് ഇറക്കിവിട്ടു
മുസ്ലിമിനും ഹിന്ദുവിനും എങ്ങനെ ഒരു റൂം തരും; ഹോട്ടൽ ജീവനക്കാരന്‍ ദമ്പതികളോട് പറഞ്ഞത് ഇങ്ങനെ !
, ചൊവ്വ, 4 ജൂലൈ 2017 (12:35 IST)
ബംഗളുരുവിൽ മലയാളി ദമ്പതികളെ മതത്തിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർ ആക്ഷേപിച്ച് ഇറക്കിവിട്ടു.
തിരുവനന്തപുരം സ്വദേശിയും മാധ്യമപ്രവർത്തകനുമായ ഷഫീഖ് സുബൈദ ഹക്കീമിനും പങ്കാളിയും ഗവേഷകയുമായ ഡി വി ദിവ്യക്കുമാണ് ഈ അനുഭവം ഉണ്ടായത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒരു മുസ്ലിമിനും ഹിന്ദുവിനും കൂടിയൊരു റൂം തരില്ലെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത്. ബംഗളുരുവിലെ നിയമസർവ്വകലാശാലയിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. രാവിലെ ഏഴോടെ ബംഗളുരില്‍ സുധമ നഗർ, അന്നിപുര റോഡിൽ ബിഎംടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഒലിവ് റെസിഡെൻസി എന്ന ഹോട്ടലിലാണ് ഇരുവരും മുറിയെടുക്കാൻ എത്തിയത്.
കുളിക്കാനും മറ്റാവശ്യങ്ങൾക്കുമായാണ് ഷഫീഖ് മുറി ആവശ്യപ്പെട്ടത്. എന്നാൽ ജീവനക്കാരൻ ഇരുവരോടും പേര് ചോദിക്കുകയും തുടർന്ന് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും ചെയ്തു. ഇത് കൊടുത്തപ്പോൾ അയാൾ ഞെട്ടുകയും തിരിച്ചും മറിച്ചും നോക്കിയ ശേഷം തങ്ങളെ രൂക്ഷമായ നോട്ടം നോക്കിയതായും ഷഫീഖ് നാരദാ ന്യൂസിനോട് പറഞ്ഞു.