ഒരു ജീവിതമേയുള്ളൂ. അത് ഒറ്റ സാഹസികതയില്‍ തീര്‍ക്കാനുള്ളതല്ല. ഒരുപാട് സാഹസികതകള്‍ പ്രവര്‍ത്തിക്കാന്‍ ബാക്കിവയ്ക്കേണ്ടതാണ് അത്. മരണക്കെണിയാണെന്ന് അറിഞ്ഞുകൊണ്ട് ഒരു ദുരന്തപാത തെരഞ്ഞെടുക്കുന്നത് സാഹസികതയല്ല, അത് മണ്ടത്തരമാണ്.
ട്രെക്കിങ്ങിന് പോകുമ്പോള്‍ ആദ്യം മനസില്‍ ഓര്‍ക്കേണ്ട കാര്യമാണിത്. വനമേഖലകളാണ് സാധാരണയായി ട്രെക്കിങ്ങിന് പലരും തെരഞ്ഞെടുക്കുക. നമുക്കറിയാത്ത പ്രദേശവും ഭൂപ്രകൃതിയും. അപകടസാധ്യത വളരെക്കൂടുതല്‍. ഇങ്ങനെയുള്ളപ്പോള്‍ മുന്‍കരുതലുകളും ആവശ്യത്തിന് ഉണ്ടായിരിക്കണം.
ട്രെക്കിങ്ങിന് തെരഞ്ഞെടുക്കുന്ന സ്ഥലത്തിന്‍റെ വിശദാംശങ്ങള്‍ പൂര്‍ണമായും ശേഖരിക്കണം. അവിടെ എത്തിപ്പെട്ടാല്‍ പുറത്തേക്ക് പോകാനുള്ള എല്ലാ വഴികളെക്കുറിച്ചും അറിവ് നേടണം. വനപാതകളില്‍ ട്രെക്കിങ്ങിന് അനുമതി നല്‍കിയിട്ടുള്ള ഇടങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാവൂ. നമ്മുടെ ഇഷ്ടങ്ങളും വാശികളും കാണിക്കാനുള്ള അവസരമായി ട്രെക്കിങ്ങിനെ മാറ്റരുത്.
ട്രെക്കിങ്ങിന്‍റെ സംഘാടകരായ ഏജന്‍സിയുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്താന്‍ എപ്പോഴും ജിപിഎസ് ബന്ധത്തിലായിരിക്കണം. ഒന്നോ രണ്ടോ മികച്ച ഗൈഡുകള്‍ ഒപ്പമുണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്തണം. വഴിതെറ്റുകയോ മറ്റേതെങ്കിലും അപകടത്തില്‍ പെടുമെന്നോ തോന്നിയാല്‍ ഉടന്‍ തന്നെ ഗൈഡുകളോട് ഉചിതമായ മാര്‍ഗനിര്‍ദ്ദേശം ആരായാം. മാത്രമല്ല, ജി പി എസ് വഴി നിങ്ങള്‍ ഏത് വഴിയാണ് സഞ്ചരിക്കുന്നതെന്ന് വനംവകുപ്പിന് കൃത്യമായി കണ്ടെത്താനുള്ള സംവിധാനം ഒരുക്കണം. നിങ്ങളുടെ സഞ്ചാരപാതകളുടെ ജി പി എസ് ട്രാക്കിംഗ് വനംവകുപ്പിനെ കൂടാതെ നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം.
അവശ്യം വേണ്ട കുടിവെള്ളം, മരുന്നുകള്‍ എന്നിവ തീര്‍ച്ചയായും കരുതിയിരിക്കണം. അധികം ഭാരമുള്ള വസ്തുക്കളോ വിലകൂടിയ സാധനങ്ങളോ ആഭരണങ്ങളോ ഒന്നും ട്രെക്കിങ്ങിന് പോകുമ്പോള്‍ കൊണ്ടുപോകാന്‍ പാടില്ല. മുട്ടറ്റം വരുന്ന ഷൂ ഉപയോഗിക്കാനും കൈയുറകള്‍ ധരിക്കാനും ശ്രദ്ധിക്കണം.
പെട്ടെന്ന് വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുള്ള അത്യാവശ്യം ആയുധങ്ങള്‍ കൈവശം കരുതണം. ഗൈഡിന്‍റെ പക്കലും അത്തരം ആയുധങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.
വനത്തിലൂടെയാണ് ട്രെക്കിങ്ങെങ്കില്‍ വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും നമ്മുടെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ല. വിസില്‍ മുഴക്കുക, വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുക എന്നതൊക്കെ ഒഴിവാക്കണം. സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്. അലക്‍ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ക്ക് ഒരു വനം പൂര്‍ണമായും എരിച്ചുകളയാനുള്ള ശക്തിയുണ്ടെന്ന് മറക്കാതിരിക്കുക.
ക്യാമറ കൈവശം കരുതിയിട്ടുള്ളവര്‍ വന്യമൃഗങ്ങളുടെ ചിത്രമെടുക്കുമ്പോള്‍ ഫ്ലാഷ് പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വന്യമൃഗങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്.
രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് ട്രെക്കിങ്ങിന് യോജിച്ച സമയം. വേനല്‍ക്കാലത്തും മഴക്കാലത്തും ട്രെക്കിങ്ങിന് പോകാന്‍ പാടില്ല.