Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മമ്മൂട്ടിച്ചിത്രം ഹിന്ദിയില്‍ നേടിയത് 1000 കോടി !

മമ്മൂട്ടിച്ചിത്രം ഹിന്ദിയില്‍ നേടിയത് 1000 കോടി !

ജ്യുവല്‍ ആനി തോമസ്

, ചൊവ്വ, 11 ഫെബ്രുവരി 2020 (15:18 IST)
മമ്മൂട്ടിച്ചിത്രം എന്നാല്‍ കുടുംബപ്രേക്ഷകര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. പതിറ്റാണ്ടുകളായി മലയാള സിനിമാപ്രേക്ഷകര്‍ക്കുള്ള വിശ്വാസമാണത്. കുടുംബകഥകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് എപ്പോഴും മമ്മൂട്ടി, സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്. മമ്മൂട്ടിയുടെ മികച്ച കുടുംബചിത്രങ്ങള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് ഫാസില്‍.
 
1986ല്‍ ഫാസില്‍ സംവിധാനം ചെയ്‌ത ‘പൂവിന് പുതിയ പൂന്തെന്നല്‍’ ഒരു ഗംഭീര സിനിമയായിരുന്നു. സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മിച്ച സിനിമയില്‍ ബാബു ആന്‍റണിയായിരുന്നു വില്ലന്‍. നദിയ മൊയ്‌തു നായികയായ ചിത്രത്തില്‍ ബാലതാരം സുചിതയുടെ പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഒരു മികച്ച സിനിമയായിട്ടും തിയേറ്ററുകളില്‍ സിനിമ പരാജയപ്പെട്ടു. മമ്മൂട്ടിയുടെ കഥാപാത്രം ക്ലൈമാക്സില്‍ മരിക്കുന്നതാണ് ആ പരാജയത്തിന് കാരണമായി വിലയിരുത്തപ്പെട്ടത്.
 
എന്നാല്‍ അത്‌ഭുതം അതല്ല, ഈ സിനിമ തമിഴിലേക്കും കന്നഡയിലേക്കും തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ആ ഭാഷകളിലൊക്കെ വമ്പന്‍ ഹിറ്റുകളായി അവ മാറി. തമിഴില്‍ ഫാസില്‍ തന്നെയാണ് പൂവിനുപുതിയ പൂന്തെന്നല്‍ റീമേക്ക് സംവിധാനം ചെയ്തത്. ‘പൂവിഴി വാസലിലേ’ എന്ന ആ സിനിമ സൂപ്പര്‍ഹിറ്റായി. സത്യരാജായിരുന്നു നായകന്‍. തെലുങ്കില്‍ ചിരഞ്ജീവി നായകനായപ്പോള്‍ ചിത്രം ബ്ലോക്‍ബസ്റ്ററായി. കന്നഡയില്‍ അംബരീഷ് നായകനായി ‘ആപത് ബാന്ധവ‘ എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോഴും മെഗാഹിറ്റ്.
 
ഹിന്ദിയിലെ കാര്യമാണ് രസം. 1988ല്‍ 'ഹത്യ' എന്ന പേരില്‍ ഹിന്ദിയില്‍ ചിത്രം റീമേക്ക് ചെയ്തു. ഗോവിന്ദ ആയിരുന്നു നായകന്‍. പടം വന്‍ ഹിറ്റായി. വര്‍ഷങ്ങള്‍ക്ക് ശേഷം 2015ല്‍, ഇതേ കഥ ചില മാറ്റങ്ങള്‍ വരുത്തി ‘ബജ്‌റംഗി ബായിജാന്‍’ എന്ന പേരില്‍ വീണ്ടും ഹിന്ദിയില്‍ ഇറക്കി. കെ വി വിജയേന്ദ്രപ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. സല്‍‌മാന്‍ ഖാന്‍ നായകനായ ആ സിനിമ 1000 കോടിയോളം രൂപയാണ് മൊത്തം കളക്ഷന്‍ നേടിയത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റ്.
 
പൂവിന് പുതിയ പൂന്തെന്നല്‍ പരാജയമായെങ്കിലും അതൊരു മികച്ച സിനിമയായിരുന്നു എന്ന് ഇന്നും ഏവരും പറയുന്നു. ആ കഥ മമ്മൂട്ടി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്‍റെ ശരിയായ തീരുമാനം തന്നെയായിരുന്നു എന്ന് മറ്റ് ഭാഷകളിലെ വമ്പന്‍ വിജയങ്ങള്‍ തെളിയിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്കർ നേടിയ പാരസൈറ്റ് വിജയ് സിനിമയുടെ കോപ്പി എന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച !