Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തിരക്കഥാകൃത്ത് പത്രം വായിച്ചു, മമ്മൂട്ടിക്കും മോഹന്‍ലാലും സൂപ്പര്‍ സിനിമകള്‍ പിറന്നു!

തിരക്കഥാകൃത്ത് പത്രം വായിച്ചു, മമ്മൂട്ടിക്കും മോഹന്‍ലാലും സൂപ്പര്‍ സിനിമകള്‍ പിറന്നു!
, ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (15:11 IST)
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഏറ്റവും മികച്ച സിനിമകള്‍ എന്ന് പ്രേക്ഷകര്‍ ഏവരും സമ്മതിക്കുന്ന രണ്ടുചിത്രങ്ങളുടെ കഥകള്‍ ലഭിച്ചത് പത്രവാര്‍ത്തകളില്‍ നിന്നാണ്. രണ്ടും ലോഹിതദാസ് എഴുതിയ സിനിമകള്‍. ആദ്യത്തേത് ഭരതവും രണ്ടാമത്തേത് ഭൂതക്കണ്ണാടിയും!
 
സിബിക്കു വേണ്ടി അടുത്തതായി ചെയ്യുന്ന സിനിമയ്ക്ക് ഒരു കഥ ആലോചിച്ചുവച്ചു ലോഹി. എല്ലാ കാര്യങ്ങളും തീരുമാനിച്ചു. ആര്‍ട്ടിസ്റ്റുകളെ നിശ്ചയിച്ചു. മോഹന്‍ലാലും നെടുമുടിയും ഉര്‍വശിയും ഉള്‍പ്പടെയുള്ള താരനിര. ഷൂട്ടിംഗ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കഥയ്ക്ക് പഴയ ഒരു സിനിമാക്കഥയോട് സാമ്യമുണ്ട് എന്ന് തിരിച്ചറിയുന്നു. ബാലചന്ദ്രമേനോന്‍റെ ഒരു സിനിമയുടെ കഥയുമായി വളരെ അടുത്ത സാമ്യം. അത് വലിയ ഞെട്ടലായിരുന്നു എല്ലാവര്‍ക്കും.
 
ഇനി എന്ത് ചെയ്യും? രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് തുടങ്ങണം. പ്രൊജക്ട് വേണ്ടെന്നുവച്ചാല്‍ വലിയ നഷ്ടമുണ്ടാകും. എന്തായാലും കൂടുതല്‍ ആരെയും ഇക്കാര്യം അറിയിക്കാതെ മറ്റൊരു കഥ ആലോചിക്കാന്‍ സിബിയും ലോഹിയും തീരുമാനിച്ചു. അടുത്തിടെ കണ്ട ഒരു പത്രവാര്‍ത്ത ലോഹിയുടെ മനസില്‍ ഉടക്കിയിരുന്നു. അടുത്ത ബന്ധുവിന്‍റെ മരണവിവരം മറച്ചുവച്ചുകൊണ്ട് ഒരു വീട്ടില്‍ നടന്ന വിവാഹത്തിന്‍റെ വാര്‍ത്ത. അതിനൊപ്പം രണ്ട് സംഗീതജ്ഞരുടെ കഥയും കൂടി ചേര്‍ത്തുവച്ചപ്പോള്‍ മനസില്‍ നോവുപടര്‍ത്തുന്ന ഒരു കഥ പിറന്നു. 
 
കല്ലൂര്‍ ഗോപിനാഥന്‍റെയും രാമനാഥന്‍റെയും ജീവിതത്തിലെ സംഘര്‍ഷഭൂമിയിലൂടെ നടക്കുന്ന പ്രേക്ഷകര്‍ക്കറിയുമോ അതു വെറും ഒരു ദിവസത്തിന്‍റെ ആയുസുകൊണ്ട് ലോഹിയെന്ന മാജിക്കുകാരന്‍ സൃഷ്ടിച്ച അത്ഭുതമാണെന്ന്. അതുകൊണ്ടുതന്നെയാണ് ഉര്‍വശി പറഞ്ഞത്, ശൂന്യതയില്‍ നിന്ന് ഒരു ‘ഭരതം’ സൃഷ്ടിക്കാന്‍ ലോഹിക്ക് മാത്രമേ കഴിയൂ എന്ന്. 
 
webdunia
ഭൂതക്കണ്ണാടിയും ഒരു പത്രവാര്‍ത്തയില്‍ നിന്ന് ലോഹിക്ക് ലഭിച്ചതാണ്. ഒരു അഭിമുഖത്തില്‍ ലോഹി തന്നെ അതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ആ വാക്കുകള്‍ ഇതാ:
 
‘‘തൃശൂര്‍ രാമനിലയത്തില്‍ പുതിയ ഒരു സിനിമ എഴുതുവാന്‍ വേണ്ടി താമസിക്കുകയായിരുന്നു ഞാന്‍. മൃഗയയും അമരവും കിരീടവുമൊക്കെ ഞാന്‍ എഴുതിയത് രാമനിലയത്തിലിരുന്നാണ്. മനസ്സ് എഴുത്തിന്‍റെ ഒരു വിളിക്ക് കാത്തുനില്‍ക്കുന്ന കാലം. ഒരു ദിവസം എന്തോ സാധനം പൊതിഞ്ഞു കൊണ്ടുവന്ന പത്രക്കടലാസ് വെറുതെ മറിച്ചുനോക്കിയപ്പോള്‍ ഒരു വാര്‍ത്ത കണ്ണില്‍പ്പെട്ടു. അച്ചടിച്ച്, അച്ചടിച്ച് പ്രാധാന്യം നഷ്ടപ്പെട്ട പീഡന വാര്‍ത്തകളില്‍ ഒന്ന്. പ്രതികളുടെ എണ്ണം കുറവായതുകൊണ്ടായിരിക്കണം താരതമ്യേന ചെറിയ വാര്‍ത്തയാണ്. കൊല്ലപ്പെട്ട കുട്ടിയുടെ ഫോട്ടോ കൊടുത്തിട്ടുണ്ട്. പക്ഷേ, ഭീകരമായി തോന്നിയത് പിടിവലി നടന്ന സ്ഥലത്ത് ചിതറിക്കിടക്കുന്ന പുസ്തകങ്ങളുടെയും ചോറ്റുപാത്രത്തില്‍നിന്ന് ചിതറിത്തെറിച്ച ചോറിന്‍റെയും ചിത്രമാണ്. ആ ഫോട്ടോ എന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്തുടര്‍ന്നു. പിന്നീട് ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നീണ്ടുകിടക്കുന്ന നഗ്നമായ രണ്ടുകാലുകള്‍ ഞാന്‍ കണ്ടു. അവയിലെ ചോരപ്പാടുകള്‍ കണ്ടു. അല്ലെങ്കില്‍ അങ്ങനെയൊരു ദൃശ്യത്തിലൂടെ ‘ഭൂതക്കണ്ണാടി’ എന്നിലേക്ക് സന്നിവേശിച്ചു. ആ ദൃശ്യം മനസ്സിലത്തെുമ്പോഴൊക്കെ പശ്ചാത്തലത്തില്‍ പട്ടികളുടെ മുരള്‍ച്ചയും മുറുമുറുപ്പും കേട്ടു. ആ ദൃശ്യം അതുപോല തന്നെ ‘ഭൂതക്കണ്ണാടി’യില്‍ ഉപയോഗിച്ചിട്ടുണ്ട്.’’

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിയനിലെ സര്‍പ്രൈസ്, അത് മമ്മൂട്ടിയാണ് !