Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

താന്‍ അഭിനയിച്ച സിനിമ കണ്ട് മമ്മൂട്ടി തിയേറ്ററിലിരുന്ന് കരഞ്ഞു!

താന്‍ അഭിനയിച്ച സിനിമ കണ്ട് മമ്മൂട്ടി തിയേറ്ററിലിരുന്ന് കരഞ്ഞു!
, ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (15:08 IST)
മമ്മൂട്ടി മലയാളത്തിന്‍റെ മെഗാസ്റ്റാറാണ്. എന്നാല്‍ അദ്ദേഹം മലയാളത്തിന്‍റെ മഹാനടനുമാണ്. വലിയ താരവും മികച്ച നടനുമായിരിക്കുക എന്നത് അപൂര്‍വ്വം ചിലര്‍ക്ക് മാത്രം കഴിയുന്ന കാര്യം. മിക്കപ്പോഴും മമ്മൂട്ടിയിലെ താരത്തിന് വിളങ്ങാന്‍ പാകമായ കഥകളായിരിക്കും അദ്ദേഹത്തെ തേടിയെത്തുന്നത്. അദ്ദേഹത്തിലെ നടനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന കഥകള്‍ തേടിവരുന്നത് വല്ലപ്പോഴുമാണ്.
 
ലോഹിതദാസ് ആദ്യമായി തിരക്കഥയെഴുതിയ ‘തനിയാവര്‍ത്തനം’ എന്ന ചിത്രം ഇപ്പോഴും ആര്‍ക്കും മറക്കാന്‍ കഴിയാത്തത് ആ സിനിമയിലെ മമ്മൂട്ടിയുടെ അസാധാരണമായ അഭിനയപ്രകടനം കൊണ്ടുകൂടിയാണ്. സിബി മലയിലായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. ഒരു കുടുംബത്തില്‍ പാരമ്പര്യമായി പുരുഷന്‍‌മാര്‍ക്ക് ഭ്രാന്ത് വരുന്നു. ഈ തലമുറയില്‍ അതിന് സാധ്യത ബാലഗോപാലന്‍ മാഷിനാണ്. അദ്ദേഹത്തിന് ഭ്രാന്തുണ്ടോയെന്ന് വീട്ടുകാരും നാട്ടുകാരും സംശയിച്ചുതുടങ്ങുന്നു. അങ്ങനെ സമൂഹം അയാളെ ഒരു ഭ്രാന്തനാക്കി മാറ്റുന്നു.
 
മനസ് കഴച്ചുപൊട്ടുന്ന അസ്വസ്ഥതയോടെയല്ലാതെ ഈ സിനിമ കണ്ടുതീര്‍ക്കാനാവില്ല എന്ന് പ്രശസ്ത സാഹിത്യകാരി സാറാജോസഫ് പറഞ്ഞിട്ടുണ്ട്. അത് സത്യവുമാണ്. ബാലഗോപാലന്‍ മാഷിന്‍റെ ദയനീയാവസ്ഥ ഇന്നും ഏവരെയും വേദനിപ്പിക്കുന്നു. ചിത്രം പുറത്തിറങ്ങി ആദ്യദിനം തന്നെ മികച്ച സിനിമയെന്ന പേരുനേടി. അതോടെ തിയേറ്ററിലെത്തി സിനിമ കാണണമെന്ന ആഗ്രഹം മമ്മൂട്ടിക്കുണ്ടായി.
 
അടുത്ത സുഹൃത്തായ കുഞ്ചനൊപ്പമാണ് മമ്മൂട്ടി തനിയാവര്‍ത്തനം കാണാന്‍ പോയത്. സിനിമയുടെ ക്ലൈമാക്സ് കണ്ട് തിയേറ്ററില്‍ എല്ലാവരും കരയുകയാണ്. കുഞ്ചന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി. കുഞ്ചന്‍ തിരിഞ്ഞ് മമ്മൂട്ടിയെ നോക്കിയപ്പോള്‍ അദ്ദേഹവും കരയുകയാണ്. സ്വന്തം സിനിമ കണ്ട്, അത് സ്വന്തം സിനിമയാണെന്നുപോലും മറന്ന് കഥയില്‍ ലയിച്ച് ഒരു നടന്‍ കരയുന്നത് താന്‍ ആദ്യമായി കാണുകയായിരുന്നു എന്ന് കുഞ്ചന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
 
തനിയാവര്‍ത്തനം കലാപരമായും സാമ്പത്തികമായും വിജയിച്ച ചിത്രമായിരുന്നു. സിബിമലയില്‍ - ലോഹിതദാസ് എന്ന വലിയ കൂട്ടുകെട്ടിന് തുടക്കം കുറിച്ച സിനിമ. മമ്മൂട്ടിയെന്ന നടന്‍റെ ഏറ്റവും മികച്ച ചില അഭിനയമുഹൂര്‍ത്തങ്ങള്‍ ആ സിനിമയിലേതാണ് എന്ന് നിസംശയം പറയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയിട്ടില്ല: നാദിർഷ