മലയാളത്തില്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമകള്‍ വളരെ കുറവാണ്. ഭദ്രന്‍ സംവിധാനം ചെയ്ത ‘അയ്യര്‍ ദി ഗ്രേറ്റ്’ എന്ന മമ്മൂട്ടിച്ചിത്രം അത്തരത്തില്‍ ഒന്നായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രം നടന്‍ രതീഷാണ് നിര്‍മ്മിച്ചത്.
വൈകുണ്ഠം സൂര്യനാരായണ അയ്യര്‍ ഒരു ബിസിനസ് എക്സിക്യൂട്ടീവ് ആണ്. അദ്ദേഹത്തിന്‍റെ ഭാര്യ വേണി. കുട്ടികളില്ലാത്ത ആ ദമ്പതികള്‍ ആ ദുഃഖം അലട്ടുന്നുണ്ടെങ്കിലും സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. അങ്ങനെയിരിക്കെ വീട്ടില്‍ വളര്‍ത്തിയിരുന്ന തത്ത കൂടുവിട്ട് പറന്ന് അടുത്തുള്ള മരത്തിന് മുകളിലേക്ക് പോകുന്നു. അതിനെ പിടിക്കാനായി മരത്തില്‍ കയറുന്ന സൂര്യനാരായണ അയ്യര്‍ക്ക് ഉയരമുള്ള സ്ഥലങ്ങളില്‍ എത്തുമ്പോഴുള്ള ഭയം അനുഭവപ്പെടുന്നു. ഈ സംഭവത്തിണ് ശേഷം അയാള്‍ പറയുന്ന പല കാര്യങ്ങളും സംഭവിക്കുന്നു. പ്രവചിക്കാനുള്ള ഒരു കഴിവ് അദ്ദേഹത്തിന് ലഭിക്കുന്നു. അതോടെ അയാളുടെ ജീവിതം തന്നെ മാറിമറിയുകയാണ്.
സൂര്യനാരായണ അയ്യരുടെ അവസാന പ്രവചനം ‘വൈകുന്നേരം മൂന്ന് മണിക്ക് സൂര്യന്‍ അസ്തമിക്കും’ എന്നായിരുന്നു. അത് സൂര്യനാരായണ അയ്യര്‍ കൊല്ലപ്പെടുന്നതിനെപ്പറ്റിയാണെന്ന് ഏവരും മനസിലാക്കി വന്നപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.
സൂര്യനാരായണ അയ്യരായി മമ്മൂട്ടിയും ഭാര്യ വേണിയായി ഗീതയും അഭിനയിച്ചു. സിക്സ്ത് സെന്‍സുള്ള നായകനെ മമ്മൂട്ടി ഗംഭീരമായി അവതരിപ്പിച്ചു. ദേവന്‍ ആയിരുന്നു ചിത്രത്തിലെ വില്ലന്‍. ശോഭന പത്ര റിപ്പോര്‍ട്ടറായി വേഷമിട്ടു. സുകുമാരി, എം ജി സോമന്‍, രതീഷ്, എം എസ് തൃപ്പൂണിത്തുറ എന്നിവര്‍ക്കും പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു.
എം എസ് വിശ്വനാഥന്‍ സംഗീതം നല്‍കിയ സിനിമയുടെ ഛായാഗ്രഹണം ആനന്ദക്കുട്ടനായിരുന്നു. ഈ സിനിമയുടെ എഡിറ്റിംഗിന് എം എസ് മണിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു.
1990ല്‍ റിലീസായ അയ്യര്‍ ദി ഗ്രേറ്റ് ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായി. എന്നാല്‍ സാമ്പത്തികമായി മെച്ചമായില്ല. സ്വന്തമായി വിതരണം ചെയ്യാന്‍ രതീഷ് തീരുമാനിച്ചത് തിരിച്ചടിയായി. കനത്ത നഷ്ടമാണ് നേരിടേണ്ടിവന്നത്. അതിന്‍റെ നഷ്ടം നികത്താന്‍ രതീഷിന് കമ്പത്ത് ഉണ്ടായിരുന്ന സ്ഥലം വില്‍ക്കേണ്ടിവന്നു.