ആമിര്‍ഖാന്‍ നായകനായ ചിത്രത്തിന് ചെലവ് 15 കോടി. ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 600 കോടി. ദംഗലിനെപ്പറ്റിയാണോ പറയുന്നതെന്ന് സംശയിക്കുന്നവരോട് പറയാം. ദംഗലിനെപ്പറ്റിയല്ല, സീക്രട്ട് സൂപ്പര്‍സ്റ്റാറിനെപ്പറ്റിയാണ്.
അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ഇന്ത്യയില്‍ നിന്ന് 90 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ ചൈനയില്‍ റിലീസ് ചെയ്തതോടെ കളി മാറി. ആദ്യ ദിനം തന്നെ 45 കോടിയിലധികം കളക്ഷന്‍ നേടിയ സിനിമ ഇപ്പോള്‍ ചൈനയില്‍ മാത്രം 454 കോടി രൂപ നേടിക്കഴിഞ്ഞു. ഉടന്‍ തന്നെ ചൈനയില്‍ ചിത്രം 500 കോടി കളക്ഷന്‍ മറികടക്കും.
ചിത്രത്തിന്‍റെ ടോട്ടല്‍ കളക്ഷന്‍ ഇതുവരെ 609 കോടി രൂപയാണ്. സീക്രട്ട് സൂപ്പര്‍സ്റ്റാറിന്‍റെ കുതിപ്പിന്‍റെ കരുത്ത് നോക്കിയാല്‍ ചൈനയില്‍ നിന്ന് ചിത്രം 1000 കോടിക്ക് മേല്‍ സമ്പാദിക്കും.
ദംഗലിനും ബാഹുബലിക്കും ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായി സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ മാറുമെന്നതില്‍ സംശയമില്ല. സൈറ വസിം, മെഹര്‍ വിജ്, രാജ് അര്‍ജുന്‍, ആമിര്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശക്തികുമാര്‍ എന്ന സംഗീത സംവിധായകനായാണ് ആമിര്‍ ചിത്രത്തിലെത്തുന്നത്.
ആമിര്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദംഗല്‍ നിര്‍മ്മിച്ചതും ആമിര്‍ ഖാന്‍ ആയിരുന്നു. 70 കോടി മുടക്കി നിര്‍മ്മിച്ച ദംഗല്‍ 2123 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.