2001ലെ ഓണക്കാലം മലയാള സിനിമയില്‍ വലിയ താരപ്പോരിന് സാക്‍ഷ്യം വഹിച്ച കാലമാണ്. മോഹന്‍ലാല്‍ - രഞ്ജിത് ടീമിന്‍റെ ‘രാവണപ്രഭു’ ആണ് അന്ന് നാടിളക്കി റിലീസ് ചെയ്തത്.
യഥാര്‍ത്ഥത്തില്‍ ആ ഓണക്കാലത്തേക്ക് മമ്മൂട്ടി പ്ലാന്‍ ചെയ്ത ചിത്രം അവസാന നിമിഷം മാറ്റിവയ്ക്കേണ്ടിവന്നു. വളരെക്കുറച്ച് സമയത്തിനുള്ളില്‍ ഒരു ഓണച്ചിത്രം എങ്ങനെയൊരുക്കും എന്ന മമ്മൂട്ടിയുടെ ആലോചന ഒടുവില്‍ വിനയനിലാണ് ചെന്നുനിന്നത്.
പെട്ടെന്ന് ഒരു മികച്ച ചിത്രം ചെയ്യാന്‍ വിനയന് കഴിയുമെന്ന വിശ്വാസത്തില്‍ മമ്മൂട്ടി വിനയനെ വിളിച്ചു. വിനയന്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. ആയിടെ നാടിനെ നടുക്കിയ ആലുവ കൂട്ടക്കൊലയുടെ പശ്ചാത്തലം സിനിമയിലേക്ക് പറിച്ചുനടാനാണ് വിനയന്‍ തീരുമാനിച്ചത്.
‘രാക്ഷസരാമന്‍’ എന്ന് പേരിട്ട് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഴിമതിക്കാരനായ രാമനാഥന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥയായിരുന്നു അത്. പിന്നീട് ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാക്ഷസരാമന്‍ എന്ന പേര് രാക്ഷസരാജാവ് എന്ന് മാറ്റി.
2001 ഓഗസ്റ്റ് 31നാണ് രാക്ഷസരാജാവ് റിലീസായത്. കടുത്ത പോരാട്ടമാണ് രാവണപ്രഭുവും രാക്ഷസരാജാവും തമ്മില്‍ നടന്നത്. രണ്ട് ചിത്രങ്ങളും വന്‍ വിജയം നേടുകയും ചെയ്തു.