20 ഉറപ്പില്ല, 12 സീറ്റ് കിട്ടും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കിട്ടില്ലെന്ന് കെപിസിസി വിലയിരുത്തല്‍
2019 ലെ പോലെ തൊണ്ണൂറ് ശതമാനം സീറ്റിലും ജയിക്കാനുള്ള സാധ്യത നിലവില്‍ ഇല്ല
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കിട്ടില്ലെന്ന് കെപിസിസി വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയില്‍ ആയിരുന്നെന്നും അത് ചില മണ്ഡലങ്ങളിലെ ജയസാധ്യത കുറച്ചെന്നും കെപിസിസി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഗ്രൂപ്പുകള്‍ തമ്മിലുള്ള പടലപിണക്കം പല സ്ഥലത്തും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രകടമായെന്ന് കെപിസിസി നേതൃത്വം വിലയിരുത്തി.
2019 ലെ പോലെ തൊണ്ണൂറ് ശതമാനം സീറ്റിലും ജയിക്കാനുള്ള സാധ്യത നിലവില്‍ ഇല്ല. കോണ്‍ഗ്രസ് മത്സരിച്ച 12 സീറ്റുകളിലാണ് വിജയസാധ്യതയുള്ളതെന്നും കെപിസിസി യോഗം വിലയിരുത്തി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂര്‍, ആലത്തൂര്‍, കോഴിക്കോട്, വടകര, വയനാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ ഉറപ്പായും ജയിക്കും. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടന്നെന്നും കെപിസിസി അവലോകന യോഗം വിലയിരുത്തി.
തൃശ്ശൂരില്‍ 20,000ത്തില്‍ കുറയാത്ത ഭൂരിപക്ഷമുണ്ടാകുമെന്നും എല്‍ഡിഎഫ് രണ്ടാം സ്ഥാനത്താകുമെന്നും യോഗം വിലയിരുത്തി. നാട്ടിക, പുതുക്കാട് നിയമസഭാ മണ്ഡലങ്ങളില്‍ വി എസ് സുനില്‍കുമാര്‍ ലീഡ് ചെയ്യും. ബാക്കി അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യും. തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം ബിജെപി രണ്ടാം സ്ഥാനത്തായിരിക്കുമെന്നുമാണ് വിലയിരുത്തല്‍.