തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുൻപേ വിലപേശലുമായി ശിവസേന; മൂന്ന് കേന്ദ്രമന്ത്രിമാർ വേണം
നിലവില്‍ പതിനെട്ട് എംപിമാരുള്ള ശിവസേനയ്ക്ക് ഒരു കേന്ദ്രമന്ത്രി മാത്രമാണുള്ളത്.
തെരഞ്ഞെടുപ്പ് ഫലം എത്തുവാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ കേന്ദ്രത്തിന്റെ മൂന്ന് മന്ത്രിസ്ഥാനം വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ട് ശിവസേന. നിലവില്‍ പതിനെട്ട് എംപിമാരുള്ള ശിവസേനയ്ക്ക് ഒരു കേന്ദ്രമന്ത്രി മാത്രമാണുള്ളത്.
ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ എന്‍ഡിഎ ഘടകകക്ഷികള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംഘടിപ്പിച്ച വിരുന്നിനിടെയാണ് സേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് സൂചന.
വിരുന്നില്‍ മുതിര്‍ന്ന നേതാവ് സുഭാഷ് ദേശായിയെ അയക്കാനാണ് ഉദ്ദവ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അമിത് ഷാ നേരിട്ട് വിളിച്ച് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഉദ്ദവും മകന്‍ ആദിത്യതാക്കറെയും സുഭാഷ് ദേശായിയും യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.
2014 കാബിനറ്റ് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്ന ബിജെപി അതുപാലിച്ചില്ല. പിന്നീട് ഒരു സഹമന്ത്രി സ്ഥാനം നല്‍കാമെന്ന് അറിയിച്ചെങ്കിലും ശിവസേന അതുനിരസിച്ചു.