ശബരിമല സ്ത്രീ പ്രവേശനവിധിയും സർക്കാരിന്റെ നിലപാടുമെല്ലാം പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസും മറിച്ചല്ല ചിന്തിക്കുന്നത്. സുപ്രീംകോടതിയുടെ ശബരിമലയില്‍ സ്ത്രീ പ്രവേശന വിധി നടപ്പിലാക്കിയ സര്‍ക്കാരിനെ പ്രതി സ്ഥാനത്ത് നിർത്തിയാണ് കോണ്‍ഗ്രസും കുറ്റവിചാരണ ചെയ്യുന്നത്.
ശബരിമലയുടെ പേരില്‍ വോട്ട് പിടിക്കാന്‍ പോയ കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പക്ഷേ നാണംകെട്ട് മടങ്ങേണ്ടി വന്നു. പാലയാട് ക്യാംപസ്സില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ കെ സുധാകരനെ അധ്യാപികയും വിദ്യാർത്ഥികളും ചേർന്ന് കിടിലൻ ചോദ്യങ്ങൾ ചോദിച്ച് വെള്ളം കുടിപ്പിക്കുകയായിരുന്നു.
സുധാകരന്‍ ചെന്ന് കയറിയ ഒരു ക്ലാസില്‍ ശബരിമലയില്‍ സുപ്രീം കോടതി വിധി പ്രകാരം കയറിയ ബിന്ദു അമ്മിണി ആയിരുന്നു അധ്യാപിക. സുധാകരന്‍ സംസാരിച്ചത് ശബരിമല വിഷയം തന്നെ ആയിരുന്നു. ബിന്ദു അമ്മിണി ശബരിമല ദര്‍ശനം നടത്തിയതിനെ ചോദ്യം ചെയ്യുകയാണ് ആദ്യം സുധാകരന്‍ ചെയ്തത്.
കേരളത്തില്‍ സ്ത്രീകള്‍ക്ക് പോകാന്‍ വേറെയും അയ്യപ്പ ക്ഷേത്രങ്ങള്‍ ഉളളപ്പോള്‍ നിങ്ങളെന്തിനാണ് ശബരിമലയില്‍ തന്നെ പോയത് എന്നായി സുധാകരന്‍. അത് കലാപമുണ്ടാക്കാനാണ് എന്നായിരുന്നു സുധാകരന്റെ ആരോപണം. ഇതോടെ ബിന്ദു മറുപടി നല്‍കി. ഭരണഘടനയേയും സുപ്രീം കോടതി വിധിയേയും ഒന്നും അംഗീകരിക്കുന്നില്ല എന്നാണോ പറഞ്ഞ് വരുന്നത് എന്ന് ബിന്ദു ചോദിച്ചു.
ഭൂരിപക്ഷ സമൂഹത്തിന് എതിരെ വരുന്ന ഒരു വിധിയും നാട് അംഗീകരിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഇതിനു ഉദാഹരണമായി സുധാകരന്‍ ചൂണ്ടിക്കാണിച്ചത് തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭം ആയിരുന്നു. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ ഒരു നാട് ഇളകിയെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഇതോടെയാണ് അധ്യാപിക ശക്തമായ ചോദ്യങ്ങൾ തിരിച്ച് ചോദിച്ചത്. തമിഴ്‌നാട്ടില്‍ മനുഷ്യര്‍ അല്ല വിഷയമെന്നും മനുഷ്യന് മാത്രമാണ് മൗലിക അവകാശങ്ങള്‍ ഉളളതെന്നും കാളകള്‍ക്ക് ഇല്ലെന്നും ബിന്ദു തുറന്നടിച്ചു. ഇതോടെ ക്ലാസ് കൂട്ടച്ചിരിയില്‍ മുങ്ങി. കുട്ടികള്‍ ഒരുമിച്ച് കയ്യടിച്ചു.
സുപ്രീം കോടതി വിധി മറികടക്കാന്‍ ഭരണഘടനയില്‍ പ്രൊവിഷനുണ്ട് എന്ന് പറയാന്‍ വേണ്ടിയാണ് ജെല്ലിക്കെട്ട് പറഞ്ഞത് എന്ന് പറഞ്ഞ് സുധാകരന്‍ പെട്ടന്ന് തന്നെ ഒഴിഞ്ഞു മാറുന്നത് വീഡിയോയിൽ കാണാം. ഇതേ ക്ലാസിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയും ചോദ്യം ചോദിച്ച് കെ സുധാകരനെ വെളളം കുടിപ്പിക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്.