പത്തനംതിട്ടയിൽ അഭിമാന പോരാട്ടം; എ ഗ്രേഡ് മണ്ഡലം ആര് പിടിച്ചടക്കും?
ആറന്മുള എംഎൽഎ വീണാ ജോർജ്ജിനെ സിപിഎം രംഗത്തിറക്കുമ്പോൾ ആന്റോ ആന്റണിയെ തന്നെ വീണ്ടും ഇറക്കുകയാണ് കോൺഗ്രസ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് തെക്കൻ കേരളത്തിലെ പത്തനംതിട്ട. ശബരിമല വിഷയം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലം. 2009ലാണ് പത്തനംതിട്ട മണ്ഡലം രൂപീകരിച്ചത്. ഇത്തവണ മൂന്നു മുന്നണികളുടെ കനത്ത പോരാട്ടമാണ് ഒരുങ്ങുന്നത്. ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചതോടു കൂടെ ത്രികോണ മത്സരമാവും പത്തനംതിട്ടയിൽ നടക്കുക.
ആറന്മുള എംഎൽഎ വീണാ ജോർജ്ജിനെ സിപിഎം രംഗത്തിറക്കുമ്പോൾ ആന്റോ ആന്റണിയെ തന്നെ വീണ്ടും ഇറക്കുകയാണ് കോൺഗ്രസ്. നിരവധി ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ ബിജെപി രംഗത്തിറക്കുന്നത് ശബരിമല സമരത്തിൽ മുന്നണിയിൽ നിന്ന കെ സുരേന്ദ്രനെയാണ്. കേരളത്തെ മുൾമുനയിൽ നിർത്തിച്ച ശബരിമല വിഷയത്തിൽ ആര് സ്വീകരിച്ച നിലപാടിനൊപ്പമാണ് പത്തനംതിട്ടക്കാർ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
സുരേന്ദ്രനല്ല, ബിജെപിയുടെ ദേശീയ നേതാക്കൾ വന്നാൽ പോലും പത്തനംതിട്ട യുഡിഎഫിനെ കൈവിടില്ലെന്നാണ് ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ആന്‍റോ ആന്‍റണി പറയുന്നത്. ആറന്മുള എംഎൽഎയെ നേരത്തെ തന്നെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് എൽഡിഎഫ്. ശക്തമായ ത്രികോണ മത്സരമുണ്ടായാലും പ്രശ്നമില്ലെന്ന ആത്മവിശ്വാസത്തിലാണ് വീണാ ജോർജ്.
ബിജെപിയുടെ മുഴുവൻ പ്രതീക്ഷയും ശബരിമലയിലാണ്. ശബരിമല സമരം നയിച്ച് ഒരു മാസത്തോളം ജയിലിൽ കിടന്ന സുരേന്ദ്രനിൽ നിന്ന് ജയമല്ലാതെ മറ്റൊന്നും പാർട്ടി പ്രതീക്ഷിക്കുന്നില്ല. ശബരിമല തന്നെ പ്രതീക്ഷയായി വയ്ക്കുന്ന യുഡിഎഫ് എന്നും ഒപ്പമുള്ള ക്രിസ്ത്യൻ വോട്ട് ബാങ്ക് കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ്. എന്നാൽ, വീണാ ജോർജിലൂടെ ഈ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകാമെന്നാണ് ഇടത് പ്രതീക്ഷ. മറ്റ് വിഷയങ്ങൾക്ക് അപ്പുറം വിശ്വാസികൾ ആരെ തുണക്കും എന്നതായിരിക്കും വിധി നിർണയിക്കുന്ന പ്രധാന ഘടകം.