വോട്ടങ്കത്തിനു തയ്യാറായി വടകര; എന്തുവില കൊടുത്തും മണ്ഡലം തിരിച്ചു പിടിക്കാൻ സിപിഎമ്മും, നിലനിർത്താൻ കോൺഗ്രസും
ജയരാജനെ വാഴ്ത്താനാണോ വീഴ്ത്താനാണോ പാര്‍ട്ടി വടകരയിലെത്തിച്ചതെന്ന ചർച്ചകളും ഇതിനിടയിൽ നടക്കുന്നുണ്ട്.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശേരി കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. 1957-ല്‍ മണ്ഡലം രൂപീകരിച്ച നാള്‍ മുതല്‍ വടകരക്ക് ഇടതു മുന്നണിയോടായിരുന്നു കൂടുതല്‍ ചായ്‌വ്.കൊലപാതക രാഷ്ട്രീയചോര ചിന്തിയ മണ്ഡലമാണ് വടകര. അറുംകൊലയുടെ ഉള്ളുപൊള്ളുന്ന കഥകള്‍ തലശേരി കൂത്തുപറമ്പ് തുടങ്ങിയ പ്രദേശങ്ങള്‍ക്ക് പറയുവാനുണ്ട്. മുന്‍കാലങ്ങളിലെന്നപോലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഇത് പ്രധാന ചര്‍ച്ചാ വിഷയമാകും.ലോക്‌സഭയിലേക്കുള്ള പതിനേഴാമത് അങ്കത്തിനായി കച്ച മുറുകുമ്പോഴും പ്രവചനങ്ങള്‍ക്കു വഴങ്ങുന്നതല്ല വടകരയിലെ കാര്യങ്ങൾ.
ഇത്തവണ സിപിഎമ്മിന്റെ വടകരയിലെ സ്ഥാനാർത്ഥി പി ജയരാജനാണ്. ഇതൊടെ തന്നെ വടകര മണ്ഡലം വാർത്തകളിൽ നിറഞ്ഞു എന്നു പറയാം.2009ല്‍ വടകരയില്‍ പരാജയപ്പെട്ട പി സതീദേവിയുടെ സഹോദരനാണ് പി ജയരാജന്‍. ജയരാജനെ വാഴ്ത്താനാണോ വീഴ്ത്താനാണോ പാര്‍ട്ടി വടകരയിലെത്തിച്ചതെന്ന ചർച്ചകളും ഇതിനിടയിൽ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും എൽഡിഎഫ് വീണ്ടും വടകരയിൽ ചുവന്നകൊടി പാറിക്കുമെന്നും ജയരാജൻ പറയുന്നുണ്ട്. എന്നാൽ വടകരയിൽ ഇതുവരെയും കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.എന്നാൽ, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയൊരു അങ്കത്തിനില്ല എന്ന് പ്രഖ്യാപിച്ചതോടെ യു.ഡി.എഫിന്റെ നില കൂടുതല്‍ പരുങ്ങലിലാണ്. രണ്ടുതവണ വിജയിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം വലിയൊരു ഘടകമായിരുന്നു. മുല്ലപ്പള്ളിക്ക് പകരം വയ്ക്കാന്‍ കോണ്‍ഗ്രസിന് വടക്കെ മലബാറില്‍ മറ്റൊരു നേതാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ടി.പി വധത്തിനു ശേഷം നടന്ന 2014-ലെ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളിയാണ് വിജയിച്ചു. നേരിയ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയതെങ്കിലും സി.പിഎമ്മിന് അത് കനത്ത പ്രഹരമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് സി.പിഎമ്മിന്റെയും, നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന്റെയും ആവശ്യമാണ്.
ബി.ജെ.പിക്ക് വലിയ പ്രതീക്ഷയ്‌ക്കൊന്നും വകയില്ലാത്ത മണ്ഡലമാണ് വടകര. എന്നാൽ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നേതൃത്വം നല്‍കുന്ന റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി, എംപി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് ദൾ, മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് എന്നീ ചെറു രാഷ്ട്രീയ കക്ഷികള്‍ക്ക് വടകര മണ്ഡലത്തില്‍ സ്വാധീനമുണ്ട്. ഇവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അന്തിമ വിധിയെ സ്വാധീനിക്കും.