ബിജെപിക്ക് കനത്ത തിരിച്ചടി; അരുണാചലിൽ 25 നേതാക്കൾ പാർട്ടി വിട്ടു, സീറ്റു നിഷേധിച്ചതിൽ പ്രതിഷേധം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷിതമാണെന്ന ബിജെപിയുടെ വിശ്വാസത്തെ മങ്ങലേൽപ്പിക്കുന്നതാണ് ഈ കൊഴിഞ്ഞുപോക്ക്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിജെപിക്കു തലവേദന സൃഷ്ടിച്ചുകൊണ്ട് പാർട്ടിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അരുണാചൽ പ്രദേശിൽ 25 നേതാക്കൾ ബിജെപി വിട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷിതമാണെന്ന ബിജെപിയുടെ വിശ്വാസത്തെ മങ്ങലേൽപ്പിക്കുന്നതാണ് ഈ കൊഴിഞ്ഞുപോക്ക്.
അരുണാചൽ പ്രദേശിൽ രണ്ടു മന്ത്രിമാരും ആറ് എംഎൽഎമാരും ബിജെപി വിട്ട് നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാഗ്മയുടെ നേതൃത്വത്തിലുളള പാർട്ടിയാണ് നാഷണൽ പീപ്പിൾസ് പാർട്ടി. തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ചതാണ് ഇവരെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്.
പാർട്ടിയുടെ ജനറൽ സെക്രട്ടറി, ആഭ്യന്ത്രര മന്ത്രി, ടൂറിസം മന്ത്രി ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് പ്രതിഷേധത്തിനു കാരണം.