ഹിന്ദു മേഖലയിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസിന് ധൈര്യമില്ല, ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഓടി; രാഹുലിനെതിരെ ഒളിയമ്പെയ്ത് മോദി
മഹാരാഷ്ട്ര വാര്‍ധയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രി വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ വര്‍ഗീയത വിളമ്പി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ലെന്നും ഭൂരിപക്ഷം ന്യൂനപക്ഷമായ സ്ഥലത്ത് മത്സരിക്കാന്‍ ഓടിപ്പോയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു മോഡിയുടെ വര്‍ഗീയ പ്രസ്താവന. മഹാരാഷ്ട്ര വാര്‍ധയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രി വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.
ഹിന്ദു ഭീകരവാദം എന്ന പദത്തിന് ജന്മം നല്‍കിയത് കോണ്‍ഗ്രസാണ്. 5,000 വര്‍ഷം പഴക്കമുള്ള സംസ്‌കാരത്തെ അവര്‍ അധിക്ഷേപിച്ചു. ഭീകരവാദത്തിന്റെ ടാഗ് നല്‍കിയ അവര്‍ പാപം ചെയ്തു. ഇപ്പോള്‍ അവര്‍ ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ ഭൂരിപക്ഷം ന്യൂനപക്ഷമായ സീറ്റില്‍ പോയി മത്സരിക്കുന്നത്.
ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ മേല്‍ ഹിന്ദു ഭീകരവാദം എന്ന മുദ്ര കുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. സുശീല്‍ കുമാര്‍ ഷിന്‍ഡെ കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് മഹാരാഷ്ട്രയുടെ മണ്ണില്‍ നിന്ന് ഹിന്ദു ഭീകരവാദത്തേക്കുറിച്ച് സംസാരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോടതി വിധി വന്നു. ഈ രാജ്യത്തെ കോണ്‍ഗ്രസ് ഗൂഢാലോചനയാണ് പുറത്ത് വന്നത്. ഹിന്ദുക്കളെ അധിക്ഷേപിച്ച കോണ്‍ഗ്രസിന് മാപ്പ് നല്‍കാനാകില്ല. ഹിന്ദു ഭീകരവാദം എന്ന് വാക്ക് കേട്ടപ്പോള്‍ നിങ്ങള്‍ക്ക് വേദനയുണ്ടായില്ലേ പറയൂ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ഒരിക്കലും ഹിന്ദുക്കള്‍ക്ക് ഭീകരവാദം നടത്തേണ്ടി വന്നിട്ടില്ല. 5,000 വര്‍ഷത്തിലേറെ പഴക്കമുള്ള സംസ്‌കാരത്തെ കോണ്‍ഗ്രസ് അപകീര്‍ത്തിപ്പെടുത്തി വലിയ തെറ്റ് ചെയ്തു.
ആരാണ് 'ഹിന്ദു ഭീകരവാദം' എന്ന വാക്ക് കൊണ്ടുവന്നതെന്ന് മനസിലുണ്ടായിരിക്കണം. കോണ്‍ഗ്രസ് ഭീകരന്‍മാരെന്ന് വിളിച്ചവര്‍ ഇപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. സമാധാനപ്രിയരായ ഹിന്ദു സമൂഹത്തെ അവര്‍ ലോകത്തിന് മുന്നില്‍ ഭീകരന്‍മാരാക്കി. അതുകൊണ്ടാണ് അയാള്‍ (രാഹുല്‍ ഗാന്ധി) ഭൂരിപക്ഷത്തില്‍ നിന്ന് ഒളിച്ചോടി ന്യൂനപക്ഷത്തിന്റെ സീറ്റില്‍ അഭയം പ്രാപിക്കുന്നത്.”