'എന്റെ പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിയോട് തന്നെ മത്സരിക്കേണ്ടി വരുന്നത് ചരിത്രത്തിലെ കാവ്യനീതി': വിപി സാനു
യുവ സ്ഥാനാര്‍ഥികളെ ഇറക്കിയപ്പോഴെല്ലാം ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നെന്നും സാനു പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികളെ സിപിഐഎമ്മും മുസ്ലീം ലീഗും ഒരേ ദിവസം തന്നെയാണ് പ്രഖ്യാപിച്ചത്. മലപ്പുറത്ത് നിലവിലെ എംപി പികെ കുഞ്ഞാലിക്കുട്ടിയെ തന്നെ വീണ്ടും മത്സരിക്കാൻ ലീഗ് തെരഞ്ഞെടുത്തപ്പോൾ സിപിഐഎം സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് എസ്എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനുവിനെയാണ്.
ഈ മത്സരത്തിനൊരു പ്രത്യേകതയുണ്ട്. ഒരിക്കൽ തന്റെ പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിയോടാണ് ഇത്തവണ സാനു മത്സരിക്കാനിറങ്ങുന്നത്. തന്റെ പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിയോട് തന്നെ മത്സരിക്കേണ്ടി വരുന്നത് ചരിത്രത്തിലെ കാവ്യനീതിയാണെന്നാണ് സാനുവിന്റെ പ്രതികരണം. മലപ്പുറം ലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് പറയാന്‍ സാധിക്കില്ല. മലപ്പുറത്ത് വിജയിക്കാന്‍ കഴിയുന്ന സാഹചര്യമാണ്. യുവ സ്ഥാനാര്‍ഥികളെ ഇറക്കിയപ്പോഴെല്ലാം ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നെന്നും സാനു പറഞ്ഞു.
1991ലായിരുന്നു സാനുവിന്റെ പിതാവ് വിപി സക്കറിയ നിയമസഭയിലേക്ക് പോരാടിയത്.