രാഹുലിനെ വിമർശിക്കാൻ മുന്നോട്ടുവന്നിരിക്കുന്നതിലൂടെ രാഷ്ട്രീയ പാപ്പരത്തമാണ് സിപിഎം പ്രകടമാക്കുന്നത് : രമേശ് ചെന്നിത്തല
രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസ് അനുകൂല തരംഗമുണ്ടാകും.
വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ ഏറ്റവുമധികം എതിർക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ബിജെപിയെക്കാൾ എതിർപ്പാണ് സിപിഎം ഉന്നയിക്കുന്നത്.
കേരളത്തിലെ 20 മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരുമെന്ന ആശങ്കയാണ് ഇതിനു പിന്നിൽ. രാഹുലിനെ വിമർശിക്കാൻ മുന്നോട്ടുവന്നിരിക്കുന്നതിലൂടെ രാഷ്ട്രീയ പാപ്പരത്തമാണ് സിപിഎം പ്രകടമാക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെ പിന്തുണയ്ക്കാൻ തയ്യാറാകാത്തതിലൂടെ ഹിമാലയൻ മണ്ടത്തരമാണ് സിപിഎം ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസ് അനുകൂല തരംഗമുണ്ടാകും. ജനങ്ങൾ മുഴുവൻ അദ്ദേഹത്തിന് പിന്നിൽ അണിനിരക്കും. കേരളത്തിൽ മതേതര മനസ്സ് രാഹുലിന്റെ പിന്നിൽ ഉറച്ചുനിൽക്കുമെന്ന് വിശ്വസിക്കന്നതായും ചെന്നിത്തല പറഞ്ഞു. എന്നാൽ കേരളത്തിലെ 20 മണ്ഡലങ്ങളായും യുഡിഎഫ് തൂത്തുവാരുമെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് സിപിഎം ആശങ്കയിലാണ്. അതുകൊണ്ട് തന്നെ സിപിഎം വിളറിപൂണ്ടിരിക്കുകയാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് സിപിഎമ്മെന്നും ചെന്നിത്തല പറഞ്ഞു.