മൂന്നിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; തോൽവി പ്രവചിക്കാൻ ആർക്കുമാവില്ല, അഞ്ചു സീറ്റിൽ എൻഡിഎക്കു വിജയസാധ്യതയെന്ന് തുഷാർ
തൃശ്ശൂരിലടക്കം ജയസാധ്യതയുണ്ടെന്നും വെള്ളാപ്പള്ളിക്കു മറുപടിയായി തുഷാർ വ്യക്തമാക്കി.
ലോക്സ്ഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎയ്ക്ക് അഞ്ച് സീറ്റിൽ വിജയസാധ്യതയുണ്ടെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. തൃശ്ശൂരിൽ തോൽക്കുമെന്ന് പറയാൻ ആർക്കുമാവില്ല. ഇത്തവണ കേരളത്തിൽ അഞ്ച് സീറ്റിൽ എൻഡിഎയ്ക്ക് വിജയസാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. തൃശ്ശൂരിലടക്കം ജയസാധ്യതയുണ്ടെന്നും വെള്ളാപ്പള്ളിക്കു മറുപടിയായി തുഷാർ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സര രംഗത്തുണ്ടാകും. തൃശ്ശൂർ, വയനാട് സീറ്റുകളിൽ ഒന്നിൽ മത്സരിക്കുമെന്നാണ് തുഷാർ സൂചിപ്പിച്ചത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായാൽ ഉടൻ തന്നെ വയനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും തുഷാർ പറഞ്ഞു.
മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ, ആലത്തൂരിൽ ടി വി ബാബു എന്നിവരാണ് ബിഡിജെഎസ് സ്ഥാനാർത്ഥികൾ. അതേസമയം തുഷാർ മത്സരിക്കുമെന്നു സൂചനയുള്ള തൃശ്ശൂരിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.