‘മന്ത്രിമാരും സിപിഐഎം നേതാക്കളും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരും’; ഭീഷണിയുമായി കെ സുരേന്ദ്രന്‍
തിരിച്ചടിക്കാത്തത് ബലഹീനത കൊണ്ടല്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍
സിപിഐഎം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ബലഹീനത കൊണ്ടല്ല തിരിച്ചടിക്കാത്തതെന്നും മന്ത്രിമാരും സിപിഐഎം നേതാക്കളും റോഡിലിറങ്ങാന്‍ ഇനി രണ്ടുവട്ടമെങ്കിലും ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്തുണ്ടായ ബിജെപി-സിപിഐഎം സംഘര്‍ഷത്തിന്റെ ഭാഗമായിട്ടാണ് സുരേന്ദ്രന്റെ ഈ ഭീഷണി നിറഞ്ഞ പരാമര്‍ശം.
ഒരു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ നിരന്തരമായി ആക്രമണം നടക്കുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. അരാജകത്വം സൃഷ്ടിക്കുക എന്നതാണ് കേരളം ഭരിക്കുന്ന കക്ഷിയുടെ അജണ്ട. പാര്‍ട്ടി ഗുണ്ടകളല്ല, ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ് ആക്രമണം നടത്തിയത്. എകെജി സെന്ററില്‍ നിന്നാണ് ഇവര്‍ വന്നത്. നിലവിലെ രാഷ്ട്രീയ അരാജകത്വത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.