‘പെണ്ണ് ചതിക്കും! ഒന്നുകില്‍ കാമുകനെ, അല്ലെങ്കില്‍ ഭര്‍ത്താവിനെ‘ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
‘ജീവിതത്തില്‍ പുരുഷനെ ചതിക്കാത്ത സ്ത്രീ അമ്മ മാത്രമാണ്'?
പെണ്ണ് ചതിക്കും എന്നൊരു പഴമൊഴി കേരളത്തില്‍ ഇപ്പോഴും ഉണ്ട്. പെണ്ണായി പിറന്നോ അവള്‍ ചതിച്ചിരിക്കും എന്നാണ് ഇപ്പോള്‍ പറയുന്നത്. ലോകത്ത് ഒരു പുരുഷനെ ചതിക്കാത്ത ഏക സ്ത്രീ അവരുടെ അമ്മയാണെന്നാണ് ചില പുരുഷകേസരികള്‍ പറയുന്നത്. ചതിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് മാത്രം ആവലാതിപ്പെടുന്ന പുരുഷന്മാര്‍ ചതിക്കൊപ്പെടുന്ന സ്ത്രീകളെ കുറിച്ച് ചിന്തിക്കാറില്ല.
പെണ്ണ് പുരുഷന്മാര്‍ക്കിടയിലെ ഒരു ഉപകരണം മാത്രമാണെന്ന വൈശാഖന്‍ തമ്പിയുടെ കുറിപ്പ് വൈറലാകുന്നു. ‘ഏക’ സിനിമയിലെ നായിക രഹാന ഫാത്തിമയാണ് ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ചതിക്കുന്ന പെണ്ണുങ്ങള്‍’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.
രഹാനയുടെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ചതിക്കുന്ന പെണ്ണുങ്ങള്‍!
"ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കൂം മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്മാരുടെ ആണത്തമുള്ള അപ്പന്മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്!
"പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നിന്ന് "പെണ്ണിന് പണമാണ് കാമുകന്‍" എന്ന് ഡയലോഗ് കീറുമ്പോള്‍ ഇവിടുത്തെ ഭൂരിപക്ഷം കൈയ്യടിച്ച് പാസാക്കുന്നത് ഈ ആശയത്തിന്റെ സ്വീകാര്യതയാണ് കാണിക്കുന്നത്. കാരണം ചോദിച്ചാല്‍ മിക്കവാറും പേര്‍ക്ക് പറയാന്‍ നിരവധി ഉദാഹരണങ്ങളും കാണും. എല്ലാം ഒരാളെ പ്രണയിച്ചിട്ട് മറ്റൊരാളെ വിവാഹം ചെയ്ത പെണ്‍കുട്ടികളുടെ കഥകള്‍. ശരിയാണ് ഈ കഥകള്‍ ഞാനും ഒരുപാട് കണ്ടിട്ടും കേട്ടിട്ടും ഉണ്ട്.
പക്ഷേ എന്റെ പുരുഷകേസരി സഹോദരങ്ങളേ നിങ്ങള്‍ കാണാത്ത, കണ്ടില്ലെന്ന് നടിക്കുന്ന, ചിലതുകൂടി ആ കഥകള്‍ക്ക് പിന്നില്‍ ഞാന്‍ കണ്ടുപോകുന്നു. സ്വന്തമായി തീരുമാനങ്ങളില്ലാത്ത സ്ത്രീകളെ, ആര്‍ത്തവം കൈകാര്യം ചെയ്യുന്നതിനേക്കാള്‍ നന്നായി ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്താന്‍ പരിശീലിക്കപ്പെടുന്ന പെണ്‍കുട്ടികളെ, ശരീരങ്ങള്‍ മാത്രമായി പരിഗണിക്കപ്പെടുന്ന ഭാര്യമാരെ, കാമുകിമാരെ, മൃഗശാലയില്‍ കാണുന്നപോലെ 'തൊടരുത് പിടിക്കരുത്' എന്നൊക്ക ബോര്‍ഡെഴുതിവെച്ച് ബസിലും ട്രെയ്നിലും മറുലിംഗക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ വിധിക്കപ്പെട്ട അവരുടെ അവകാശങ്ങളെ, അഭിമാനത്തെ... (ഓരോ മിനിറ്റിലും നടക്കുന്ന ലൈംഗികപീഡനങ്ങളെ മാറ്റിനിര്‍ത്തിയിട്ടുള്ള കാര്യങ്ങളാണിവ. അത്തരം പീഡനങ്ങള്‍ എവിടെയോ ആരൊക്കെയോ ചെയ്യുന്നതും നമ്മള്‍ കേട്ടിട്ട് മാത്രം ഉള്ളതും ആണല്ലോ. ഫെയ്സ്ബുക്കില്‍ ധാര്‍മികരോഷം കൊണ്ടും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും നമ്മളത് അപ്പോത്തന്നെ പരിഹരിക്കുന്നും ഉണ്ട്!)
കാമുകി വിളിക്കുമ്പോ തനിക്ക് തിരക്കാകാം, എന്നാല്‍ താന്‍ വിളിക്കുമ്പോ തന്റെ കാമുകിയ്ക്ക് തിരക്ക് പാടില്ല എന്ന് വാശി പിടിക്കുന്ന കാമുകന്മാരെ എത്രയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട് (എല്ലാവരും നല്ല ഫസ്റ്റ് ക്ളാസ് ഡിഗ്രികള്‍ എടുത്ത് കാണിക്കാനുള്ള വിദ്യാസമ്പന്നര്‍ തന്നെ). പക്ഷേ അതില്‍ കാമുകനോ കാമുകിയ്ക്കോ അസ്വാഭാവികതയൊന്നും തോന്നില്ല, കാരണം അവര്‍ രണ്ടുപേരും ജനിച്ച നാള്‍ മുതല്‍ ശ്വസിക്കുന്നത് പുരുഷാധിപത്യത്തിന്റെ വായുവാണ്. താന്‍ പുരുഷന് കീഴ്പ്പെട്ടവളാണ് എന്ന ആശയം ആ പെണ്‍കുട്ടിയുടെ മനസില്‍ പാകിക്കൊടുത്തത് മറ്റൊരു സ്ത്രീയായ അമ്മ കൂടിയാണ്.
ഇതിലെ അനീതി തിരിച്ചറിഞ്ഞാല്‍ പോലും ഭൂരിഭാഗം പെണ്‍കുട്ടികളും അത് നിശബ്ദമായി സഹിക്കും. കാരണം പ്രതികരിക്കുന്ന നിമിഷം അവള്‍ക്ക് 'തേവിടിശ്ശിപ്പട്ടം' ചാര്‍ത്തിക്കൊടുക്കാനുള്ള പൊതുജനജാഥ തന്നെ ഉണ്ടാവും. അടിമത്തം ശീലിച്ച മറ്റ് സ്ത്രീകള്‍ റോബോട്ടുകളെപ്പോലെ ആ ജാഥയുടെ മുന്നില്‍ത്തന്നെ കാണുകയും ചെയ്യും. ഇതേ പെണ്‍കുട്ടി നാളെ സ്വന്തം മകള്‍ക്ക് ഇതേ നിശബ്ദസഹനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കും. ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്താനും പുരുഷന്മാര്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന 'ശീലാവതീ മാനദണ്ഡങ്ങള്‍' അനുസരിച്ച് അടങ്ങിയൊതുങ്ങി ജീവിക്കാനും പഠിപ്പിക്കും.
പ്രണയിച്ചവനെ ഉപേക്ഷിച്ച് മറ്റൊരുവന് മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കുക്കേണ്ടി വരുമ്പോള്‍ പെണ്ണിനെ സംബന്ധിച്ച് താന്‍ ജീവിതകാലം മുഴുവന്‍ അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി കൂടുന്നു എന്നേയുള്ളു. അവള്‍ക്ക് നല്ല ശീലമുള്ള കാര്യമാണ് അവള്‍ ചെയ്യുന്നത്. പക്ഷേ ഇത്തവണ അത് കാമുകന്‍ എന്ന രണ്ടാമതൊരു വ്യക്തിയെക്കൂടി ബാധിക്കുന്നു എന്ന് മാത്രം. ഇനി ആ കാമുകന്റെ കാര്യമെടുത്താലോ? അവന്‍ പുരുഷനാണ്. വെട്ടിപ്പിടിച്ച് ശീലിച്ചവന്‍, സ്ത്രീകളെ ഭരിച്ച് ശീലിച്ചവന്‍. ഇപ്പോള്‍ സ്വന്തം കാമുകി എന്ന 'പ്രോപ്പര്‍ട്ടി' മറ്റൊരു 'ഉടമയ്ക്ക്' വിട്ടുകൊടുക്കേണ്ടി വന്നവന്‍ (ഇന്നാട്ടില്‍ പെണ്ണിനെ പ്രണയിക്കുന്നവര്‍ കുറവാണ്. 'ചരക്കിനെ വളയ്ക്കുന്നവര്‍' ആണ് അധികവും).
അവനെ സംബന്ധിച്ച് അതൊരു വലിയ നാണക്കേടാണ്, ജീവനെക്കാള്‍ വിലപ്പെട്ട സ്വന്തം 'ആണത്തം' ചോദ്യം ചെയ്യപ്പെട്ട അവസ്ഥ. ആഗ്രഹങ്ങള്‍ സ്വയം അടിച്ചമര്‍ത്തിയ ശീലം അവന് കുറവാണ്. ചിലപ്പോള്‍ താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. ഒന്നുകില്‍ അവന്‍ അവളെ 'വെടി' ആയി മുദ്രകുത്തി സ്വയം ആശ്വസിക്കും, അല്ലെങ്കില്‍ നിരാശാകാമുകനായി വെള്ളമടിച്ച് നാട്ടുകാരെക്കൊണ്ട് ആ 'നന്ദികെട്ട' പെണ്ണിനെ പത്ത് ചീത്ത വിളിപ്പിക്കും. എന്നാല്‍ ഈ സമയത്ത് പുതിയ 'ഉടമ'യുടെ കീഴില്‍ ആ പെണ്ണ് തിരക്കിലായിരിക്കും. ഭര്‍ത്താവിനെ, വീട്ടുകാരെ, ബന്ധുക്കളെ എന്നിങ്ങനെ തൃപ്തിപ്പെടുത്താനും അനുസരിക്കാനും നിരവധി ആളുകള്‍, അതുകഴിയുമ്പോള്‍ പരിചരിച്ച് വളര്‍ത്താന്‍ ഒരു കുഞ്ഞ്... തിരിഞ്ഞുനോക്കാന്‍ അവള്‍ക്ക് സമയമില്ല.
ഇതിനിടെ പഴയ കാമുകനെ അവള്‍ ഓര്‍ക്കുന്നുണ്ടോ എന്നോ പുതിയ ജീവിതത്തില്‍ അവള്‍ തൃപ്തയാണോ എന്നോ അവളോട് ആരും ചോദിക്കില്ല, ആര്‍ക്കും അതറിയുകയും വേണ്ട. നാട്ടുകാര്‍ കാണുന്നത് ഇതാണ്- ആ പയ്യന്‍ നിരാശ കാരണം വെള്ളമടിച്ച് ജീവിതം തുലയ്ക്കുമ്പോള്‍, ആ പെണ്ണ് ഭര്‍ത്താവും കുഞ്ഞുങ്ങളുമായി 'സുഖമായി' ജീവിക്കുന്നു. ഇത്രയും ഡാറ്റ മതി, തിയറി റെഡിയായിക്കഴിഞ്ഞു, പെണ്ണ് ചതിക്കും! (ഇതേ പെണ്ണ് 'വിശ്വസ്തത' കാത്തുസൂക്ഷിച്ചുകൊണ്ട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പഴയ കാമുകനെ തേടി പോകുന്ന അവസ്ഥ ചുമ്മാ ഒന്ന് ഓര്‍ത്തുനോക്കൂ. 'കാമുകനെ ചതിച്ചവളുടെ' ക്രൂരകഥ പാടിക്കൊണ്ടിരുന്ന പൊതുജനം ടപ്പനെ പ്ളേറ്റ് മറിക്കും. പിന്നീടവള്‍ 'ഭര്‍ത്താവിനെ ചതിച്ചവള്‍' ആകും. തിയറി അപ്പോഴും ഭദ്രം!) ഈ കാമുകനും, അവളെ തനിക്കിഷ്ടപ്പട്ടവന് 'കെട്ടിച്ച് കൊടുക്കുന്ന' അപ്പനും, തനിക്കിഷ്ടപ്പെട്ട പെണ്ണിനെ 'കെട്ടുന്ന' ഭര്‍ത്താവും എല്ലാം പുരുഷന്‍മാര് തന്നെ. പെണ്ണ് അവര്‍ക്കിടയില്‍ ഒരു ഉപകരണം മാത്രമായി പ്രവര്‍ത്തിക്കുന്നു.
അപ്പോ പുരുഷ്വേട്ടാ, നിങ്ങടെ കൈയിലിരിപ്പ് വച്ച് പെണ്ണ് ഇപ്പോള്‍ കാണിക്കുന്ന വിശ്വസ്തത തന്നെ ബോണസായി വേണം കരുതാൻ..