Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘പറയുന്നവന് നാണമില്ലെങ്കിലും കേള്‍ക്കുന്നവനെങ്കിലും വേണം’ - സെബാസ്റ്റ്യന്‍ പോളിനെതിരെ പ്രമോദ് പുഴങ്കര

സെബാസ്റ്റ്യന്‍ പോളിന് ഇത് കഷ്ടകാലമോ?

‘പറയുന്നവന് നാണമില്ലെങ്കിലും കേള്‍ക്കുന്നവനെങ്കിലും വേണം’ - സെബാസ്റ്റ്യന്‍ പോളിനെതിരെ പ്രമോദ് പുഴങ്കര
, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (15:05 IST)
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനം വിവാദമായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ, വിഷയത്തില്‍ രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ പ്രമോദ് പുഴങ്കരയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു.
 
പ്രമോദ് പുഴങ്കരയുടെ വാക്കുകളിലൂടെ:
 
സെബാസ്റ്റ്യന്‍ പോള്‍‍ അഥവാ സെബാ പോള്‍ Reloaded. ഒന്നാം ഭാഗത്തേക്കാള്‍ ദാരുണമാണ്, ഇപ്പോള്‍ കൈവിട്ടതും. തടവില്‍ കിടക്കുന്ന ഒരാളോട് സഹാനുഭൂതി കാണിക്കുന്നത് തെറ്റാണോ എന്ന ഒറ്റ ചോദ്യമേ ടിയാന്‍ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ, ബാക്കിയൊക്കെ സാന്ദര്‍ഭികമായി പറഞ്ഞതാണ് പോലും. അതായത്, തടവുപുള്ളിയെ സന്ദര്‍ശിച്ച്, സോളമന്റെ സങ്കീര്‍ത്തനങ്ങള്‍ പാടാന്‍ പോയ പാതിരി, പ്രതിയുടെ ഭാര്യയുടെ കുത്സിതവേലയാലല്ലോ ഇവനീ ദുഖം സഹിപ്പൂ എന്ന പാട്ടും പാടി തിരിച്ചുവരികയാണ്. നല്ല സമരിയക്കാരനെ സംശയിക്കാതിരിക്കൂ, ആലുവയില്‍ നിന്നും ഹൈക്കോടതി വരെയോ ജെറുസലേമില്‍ നിന്നും ജെറിക്കോ വഴിയോ പോകുന്ന വഴിയാത്രക്കാരെ, നിങ്ങള്‍ ഭയപ്പെടാതിരിക്കിന്‍, അവന്‍ നിങ്ങളോടൊപ്പമുണ്ട്.
 
പറയുന്നവന് നാണമില്ലെങ്കിലും കേള്‍ക്കുന്നവന് വേണം’ എന്ന് നാട്ടില്‍ പറയും. അതുകൊണ്ട് ഫാഷിസത്തിനെതിരെ, സംഘപരിവാറിനെതിരെ ശബ്ദിക്കാനുള്ള ധൈര്യം കേരള സമൂഹത്തിനു കൊടുക്കുക എന്ന ഉത്തരവാദിത്തം കൂടിയാണ് താന്‍ ഇതില്‍ നിര്‍വ്വഹിക്കുന്നത് എന്ന് പറഞ്ഞ് അദ്ദേഹം പറത്തിവിടുന്ന ബലൂണുകള്‍ നമുക്ക് കുത്തിപ്പൊട്ടിക്കാതിരിക്കാം. പ്രപഞ്ച ഗോളങ്ങളെയാണ് താന്‍ അമ്മാനമാടുന്നതെന്ന് എല്ലാ കുഞ്ഞുങ്ങളും വിശ്വസിക്കുന്നതുകൊണ്ടാണ് ബലൂണുകള്‍ ഇപ്പൊഴും വില്‍ക്കുന്നത്.
 
മുതലാളിയായി പകര്‍ന്നാട്ടം നടത്തുന്ന, സംസാരിക്കുന്ന സെബാ പോള്‍ നിര്‍ത്തുന്നില്ല, “ഞാന്‍ എല്ലാവരോടും വളരെ ഔദാര്യമായി പ്രവര്‍ത്തിക്കുന്നയാളാണ്.” എന്നും അത് തന്റെ ബലഹീനതയല്ലെന്നും സൌമനസ്യങ്ങള്‍ ദൌര്‍ബല്യമല്ലെന്നും അയാള്‍ ഓര്‍മ്മിപ്പിക്കുന്നു. നാടുവാഴിക്കാലത്തെ മാടമ്പിമാരുടെ ഭാഷയില്‍ സംസാരിക്കുന്ന ഈ ചീഫ് എഡിറ്റര്‍ മുതലാളിയാണ്, തടവുകാരനോടുള്ള സഹാനുഭൂതിയില്‍ വെറോണിക്കയുടെ തൂവാലയുമായി അവശന്‍മാരാര്‍ത്തന്‍മാരാലംബഹീനന്‍മാര്‍ അവരുടെ ദു:ഖങ്ങളാരറിയാന്‍ എന്ന കാവ്യഭാവനയുമായി സഹാനുഭൂതിയുടെ തേന്‍തൈലം പൂശുന്നത്. എന്തൊരു ലജ്ജാഹീനമായ കാപട്യം!.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുര്‍മീതിന് രാത്രിയില്‍ പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നത് സ്പെഷ്യല്‍ പെണ്‍ഗുണ്ടകള്‍ !